Advertisement
Sports News
ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ നിന്നും പുറത്ത്, യശസ്വി ജെയ്‌സ്വാള്‍ അടുത്ത മത്സരം കളിക്കുക ഈ ടീമിന് വേണ്ടി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 13, 08:55 am
Thursday, 13th February 2025, 2:25 pm

കഴിഞ്ഞ ദിവസമായിരുന്നു ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഫൈനല്‍ ലിസ്റ്റ് ഇന്ത്യ പ്രഖ്യാപിച്ചത്. പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഹര്‍ഷിത് റാണ സ്‌ക്വാഡിന്റെ ഭാഗമായപ്പോള്‍ യശസ്വി ജെയ്‌സ്വാളിന് പകരം വരുണ്‍ ചക്രവര്‍ത്തി ടീമിന്റെ ഭാഗമായി. ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡില്‍ ഇടം പിടിച്ച ജെയ്‌സ്വാള്‍ ഇപ്പോള്‍ നോണ്‍ ട്രാവലിങ് റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലാണ്.

ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ നിന്നും പുറത്തായതോടെ രഞ്ജിയിലേക്ക് മടങ്ങുകയാണ് ജെയ്‌സ്വാള്‍. രഞ്ജി ട്രോഫി സെമി ഫൈനലില്‍ മുംബൈയ്ക്കായി ജെയ്‌സ്വാള്‍ കളത്തിലിറങ്ങും. ഫെബ്രുവരി 17ന് നാഗ്പൂരിലാണ് മുംബൈ രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിക്കുക. വിദര്‍ഭയാണ് എതിരാളികള്‍.

ജെയ്‌സ്വാളിനൊപ്പം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനക്കെതിരെ കളിച്ച അതേ സ്‌ക്വാഡ് തന്നെയായിരിക്കും സെമി ഫൈനലിലും കളിക്കുക എന്നാണ് മുംബൈ ചീഫ് സെലക്ടര്‍ സഞ്ജയ് പാട്ടീലിനെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്ന്.

‘ഈ നിര്‍ണായക മത്സരത്തില്‍ യശസ്വിയെ (യശസ്വി ജെയ്‌സ്വാള്‍) ടീമിന്റെ ഭാഗമാകുന്നത് ഗുണം ചെയ്യും. ഇത് മുംബൈ ടീമിന്റെ ആത്മവിശ്വാസവും വര്‍ധിക്കും, ‘ സഞ്ജയ് പാട്ടീലിനെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

യശസ്വി ജയ്സ്വാള്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത് മുംബൈയെ സംബന്ധിച്ച് നിര്‍ണായകമാണെങ്കിലും പരിക്ക് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഹരിയാനക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ കൈത്തണ്ടയ്ക്ക് പരിക്കേറ്റ സൂര്യകുമാര്‍ യാദവ് സെമിഫൈനല്‍ മത്സരത്തില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഹരിയാനക്കെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 152 റണ്‍സിനാണ് മുംബൈ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ, ഷാംസ് മുലാനി (91), തനുഷ് കോട്ടിയന്‍ (97) എന്നിവരുടെ കരുത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 315 റണ്‍സ് നേടി.

ആദ്യ ഇന്നിങ്‌സ് ബാറ്റ് ചെയ്ത ഹരിയാന 301ന് പുറത്തായി.

ഷര്‍ദുല്‍ താക്കൂര്‍ ആറ് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മുലാനിയും കോട്ടിയനും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ചു. ഇരുവരും രണ്ട് വിക്കറ്റ് വീതം നേടി.

ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ മുംബൈയ്ക്കായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി. 108 റണ്‍സാണ് താരം സ്വന്തമാക്കിയത്.

 

സൂര്യകുമാര്‍ യാദവ് (70), സിദ്ധേഷ് ലാഡ് (43), ശിവം ദുബെ (48) എന്നിവരുടെ വിലപ്പെട്ട സംഭാവനകള്‍ മുംബൈയെ 339 റണ്‍സിലെത്തിച്ചു. ഇതോടെ ഹരിയാനയ്ക്ക് 354 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഹരിയാനയുടെ മു്‌നപിലുണ്ടായിരുന്നത്. എന്നാല്‍ ടീം 201ന് പുറത്തായി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ റോയ്സ്റ്റണ്‍ ഡയസ് തിളങ്ങിയപ്പോള്‍ മൂന്ന് വിക്കറ്റുമായി ഷര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റുമായി തനുഷ് കോട്ടിയനും മികച്ച പിന്തുണ നല്‍കി.

 

Content Highlight: Reports says Yashasvi Jaiswal will join Mumbai for Ranji Trophy semi final