Entertainment
എമ്പുരാന്റെ ബജറ്റ് സുരേഷ് കുമാറിന് എങ്ങനെ അറിയും, വിമർശനവുമായി ആന്റണി പെരുമ്പാവൂർ, എല്ലാം ഓക്കെയല്ലേയെന്ന് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 13, 09:22 am
Thursday, 13th February 2025, 2:52 pm

നിർമാതാവ് ജി.സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ആന്റണി പെരുമ്പാവൂർ. മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ വെറും നുണക്കഥകളായെന്നും ജി.സുരേഷ് കുമാർ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ ഒരു സംഘടനയെ പ്രതിനിധീകരിച്ച് പറയേണ്ട കാര്യങ്ങളല്ല ജി.സുരേഷ് കുമാർ പൊതുവേദിയിൽ പറഞ്ഞതെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. മലയാള സിനിമയ്ക്ക് ഒരു തരത്തിലും ഗുണമാവുന്നതല്ല ഈ പ്രവണതയെന്നും ഒരു നടൻ സിനിമ നിർമിച്ചാൽ കേരളത്തിൽ പ്രദർശിപ്പിക്കില്ലായെന്നെല്ലാം എന്ത് അടിസ്ഥാനത്തിലാണ് സുരേഷ് കുമാർ പറയുന്നതെന്നും ആന്റണി ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത്.

 

ഇറങ്ങാനിരിക്കുന്ന തന്റെ സിനിമയായ എമ്പുരാന്റെ ചിലവിനെ കുറിച്ച് എങ്ങനെയാണ് സുരേഷ്‌കുമാർ ആധികാരികമായി പറയുകയെന്നും ഇത്തരത്തിൽ ബാലിശയമായി പെരുമാറുമ്പോൾ സുരേഷ് കുമാറിന് എന്താണ് പറ്റിയതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും അദ്ദേഹം പറയുന്നു. ജനുവരിയിലെ കണക്കുകൾ മാത്രം നിരത്തി മലയാള സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ മലയാള സിനിമയുടെ നേട്ടങ്ങളെ കുറിച്ച് എങ്ങനെ മറക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിയേറ്ററുകൾ അടച്ചിടുകയും സിനിമകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികള്‍ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനില്‍ക്കുന്നതെന്ന് പറഞ്ഞ ആന്റണി അത് സംഘടനയില്‍ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണെന്നും പറഞ്ഞു.

മറ്റേതെങ്കിലും സംഘനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരേഷ് കുമാർ അഭിപ്രായങ്ങൾ പറഞ്ഞതെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹം കാണിക്കണമെന്നും ആന്റണി പെരുമ്പാവൂർ അഭിപ്രായപ്പെട്ടു.

ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് നടൻ പൃഥ്വിരാജ്, അജു വർഗീസ് തുടങ്ങിയവരെല്ലാം ആന്റണിക്ക് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാം ഒക്കെയല്ലേ അണ്ണാ എന്നാണ് പൃഥ്വിരാജ് ചോദിച്ചത്. മാർച്ച് 27 ന് റിലീസിനൊരുങ്ങുന്നു എമ്പുരാൻ വമ്പൻ റിലീസായാണ് പുറത്തിറങ്ങുന്നത്. മോഹൻലാലിന്റെ അടുത്ത സുഹൃത്തുകൂടിയാണ് സുരേഷ് കുമാർ.

 

Content Highlight: Antony Perumbavoor Against Suresh Kumar