ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നിവിൻ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി. നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ് ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി.
എന്നാൽ കുറച്ചുനാളായി നല്ലൊരു ബോക്സ് ഓഫീസ് വിജയം അദ്ദേഹത്തിനില്ല. കഴിഞ്ഞ വർഷമിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ നിമിഷ നേരം കൊണ്ടാണ് നിവിന് പ്രേക്ഷകരെ കയ്യിലെടുത്തത്. നിവിന്റെ കരിയറിൽ വലിയ പങ്കുള്ള വ്യക്തിയാണ് വിനീത് ശ്രീനിവാസൻ.
ആദ്യ സിനിമയായ മലർവാടി ആർട്സ് ക്ലബ്ബ് ഇറങ്ങുന്നതിന്റെ തലേദിവസം വിനീത് തന്നെ വിളിച്ചിരുന്നുവെന്നും ധാരാളം അവസരങ്ങൾ വരുമ്പോൾ പണത്തിനുവേണ്ടി അഭിനയിക്കാതെ നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി അഭിനയിക്കണമെന്നാണ് വിനീത് പറഞ്ഞതെന്നും നിവിൻ പറയുന്നു.
നല്ല സിനിമകൾ വരുമ്പോൾ പണവും കൂടെ വരുമെന്ന് വിനീത് പറഞ്ഞെന്നും ആ വാക്കുകൾ ശരിയാണെന്ന് കാലം തെളിയിച്ചെന്നും നിവിൻ പറയുന്നു. സിനിമകൾ വിജയമായില്ലെങ്കിൽ ഒരു നടന്റെ അവസ്ഥ എന്താവുമെന്ന് കരിയറിന്റെ തുടക്കത്തിൽ തന്നെ താൻ തിരിച്ചറിഞ്ഞിരുന്നുവെന്നും അപ്പോഴെല്ലാം വിനീതിനെ പോലുള്ള സുഹൃത്തുക്കളാണ് കൂടെ നിന്നതെന്നും നിവിൻ കൂട്ടിച്ചേർത്തു.
‘എന്റെ ആദ്യചിത്രമായ മലർവാടി ആർട്സ് ക്ലബ്ബ് ഇറങ്ങുന്നതിൻ്റെ തലേന്നാൾ വിനീത് വിളിച്ച് പറഞ്ഞത് ഓർമയുണ്ട്. സിനിമ വിജയിക്കുമ്പോൾ ധാരാളം അവസരങ്ങൾ തേടിയെത്തും. പണത്തിനുവേണ്ടി അഭിനയിക്കാതെ നല്ല കഥാപാത്രത്തിനുവേണ്ടി അലയാനാണ് വിനീത് പറഞ്ഞത്. നല്ലസിനിമകൾ ചെയ്താൽ പണവും അവസരവും പിന്നാലെ വന്നുകൊള്ളും. ആ വാക്കുകൾ നൂറുശതമാനം ശരിയാണെന്ന് കാലം എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
പ്രതിസന്ധിഘട്ടത്തിൽ കൂട്ടുകാരായിരുന്നു ഊർജം പകർന്നത്. മലർവാടിക്കുശേഷം മലയാളത്തിലെ പ്രധാന സംവിധായകരുടെ ചിത്രത്തിന്റെ ഭാഗമാകാനുള്ളഭാഗ്യം എനിക്കുണ്ടായിരുന്നു. പക്ഷേ, അതൊന്നും വേണ്ടത്ര വിജയിച്ചില്ല.
വിജയമില്ലെങ്കിൽ ഒരു നടന്റെ അവസ്ഥ എന്താകുമെന്ന് തുടക്കത്തിൽത്തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. വിജയമുണ്ടായപ്പോൾ കൂടെ നിന്നവരെ പരാജയങ്ങളുടെ സമയത്ത് കണ്ടില്ല. അപ്പോഴെല്ലാം എൻ്റെ കൂടെ നിന്നത് വിനീതിനെപ്പോലെയുള്ള കൂട്ടുകാർ മാത്രമായിരുന്നു. തുടർന്നുള്ള യാത്രയിൽ ആ തിരിച്ചറിവ് ഏറെ ഗുണകരമായി,’നിവിൻ പോളി പറയുന്നു.
Content Highlight: Nivin Pauly About Vineeth Sreenivasan’s Advice For Career