Movie Day
ഷട്ടറിന്റെ സംവിധായകന്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: ഡോ. ബിജു പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Mar 20, 07:20 pm
Thursday, 21st March 2013, 12:50 am

ഷട്ടര്‍ സിനിമയുടെ സംവിധായകന്‍ ജോയ് മാത്യു തന്നെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി ആരോപിച്ച് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗവും പ്രമുഖ സംവിധായകനുമായ ഡോ. ബിജു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി.[]

ഷട്ടറിന് അവാര്‍ഡ് കിട്ടാതിരുന്നത് തന്റെ ഇടപെടല്‍ കാരണമാണെന്ന മട്ടില്‍ ഫേസ്ബുക്കില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നും തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

തന്നെ വീട്ടില്‍ കയറി മര്‍ദിക്കുമെന്നാണ് ജോയ് മാത്യു ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്നു പരാതിയില്‍ ബിജു ആരോപിച്ചു.

തന്റെ സമ്മതമില്ലാതെ മൊബൈല്‍ നമ്പര്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. താന്‍ ഒരു പ്രത്യേക ജാതിയില്‍ പ്പെട്ടയാളായതുകൊണ്ടാണ് പ്രശ്‌നമെന്ന മട്ടില്‍ സുഹൃത്തുക്കളില്‍ പലരോടും പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്കിലെ സ്വന്തം അക്കൗണ്ടില്‍ പോലും തന്റെ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടില്ലെന്നും എന്നാല്‍, ഷട്ടറിന് അവാര്‍ഡ് ലഭിക്കാത്തതിന്റെ കാരണം തന്നോടു ചോദിക്കണമെന്ന മട്ടിലാണ് ജോയ് മാത്യു പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ബിജു പറഞ്ഞു.

കലാകാരനെന്ന നിലയില്‍ ജോയ് മാത്യുവിന് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. സംവാദവുമാകാം. പക്ഷേ, വ്യക്തിപരമായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലായതുകൊണ്ടാണ് പരാതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു മലയാളികളക്കടമുള്ള അഞ്ചുപേരടങ്ങുന്ന ജൂറി കണ്ട് മികച്ചതെന്നു തോന്നിയവയ്ക്കു മാത്രമാണ് അവാര്‍ഡ് നല്‍കിയത്. മറ്റു പല സിനിമകള്‍ക്കും അവാര്‍ഡ് കിട്ടാത്തതുണ്ട്. വ്യക്തികളെ നോക്കിയല്ല അവാര്‍ഡ് നല്‍കിയത്.

ബിജുവിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി പി. വിമലാദിത്യ അറിയിച്ചു.