ട്രംപിനെ വെടിവെക്കുന്നതിന് മുമ്പ് ഷൂട്ടർ ഗ്രൗണ്ടിന് മുകളിൽ ഡ്രോൺ പറത്തി: റിപ്പോർട്ട്
Worldnews
ട്രംപിനെ വെടിവെക്കുന്നതിന് മുമ്പ് ഷൂട്ടർ ഗ്രൗണ്ടിന് മുകളിൽ ഡ്രോൺ പറത്തി: റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th July 2024, 10:19 am

വാഷിങ്ടൺ: യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിയുതിർത്ത ഷൂട്ടർ വധശ്രമത്തിന് മണിക്കൂറുകൾക്ക് മുമ്പ് പ്രസംഗം നടന്ന ഗ്രൗണ്ടിന് മുകളിൽ ഡ്രോണുകൾ പറത്തിയതായി റിപ്പോർട്ടുകൾ.

ട്രംപിന്റെ പ്രസംഗത്തിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതിയായ 20കാരൻ തോമസ് മാത്യു ക്രൂക്ക്സ് ഫ്ലൈറ്റ് പാതയിലൂടെ ഡ്രോൺ പറത്തിയാതായി വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്തത്. ക്രൂക്ക്സ് പ്രദേശം നിരീക്ഷിക്കുകയും ഇവൻ്റ് സൈറ്റ് പരിശോധിക്കുകയും ചെയ്യുമ്പോൾ ഡ്രോൺ പലതവണ ലൊക്കേഷൻ വട്ടമിട്ടുവെന്ന് റിപ്പോർട്ട് പറയുന്നു.

ട്രംപിനെതിരെയുണ്ടായ ആക്രമണത്തിൽ സംഭവിച്ച വലിയ സുരക്ഷാ വീഴ്ചകളാണ് ഈ സംഭവങ്ങൾ കാണിക്കുന്നത്. ഇവൻ്റ് സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ തോമസ് മാത്യു ക്രൂക്ക്സ് ഒന്നിലധികം തവണ ഡ്രോൺ പ്രവർത്തിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ജൂലൈ മൂന്നിന് ട്രംപ് പ്രചാരണ പരിപാടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ക്രൂക്ക്സ് റാലി സൈറ്റിനെക്കുറിച്ച് ഗവേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി കുറച്ച് ദിവസങ്ങൾക്ക് ശേഷം ഗ്രൗണ്ടുകൾ സന്ദർശിച്ചു. ശേഷമാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഗ്രൗണ്ടിന് സമീപം പാർക്ക് ചെയ്‌തിരുന്ന ക്രൂക്ക്സിന്റെ കാറിൽ നിന്ന് അന്വേഷകർ സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയിരുന്നു.

ബട്ട്‌ലറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ടൗണിൽ താമസിച്ചിരുന്ന ക്രൂക്ക്‌സ് ഒറ്റയ്‌ക്കാണ് പ്രവർത്തിച്ചതെന്നും ക്രൂക്ക്സിന് പ്രത്യേകിച്ച് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. പ്രതിയുടെ പക്കലുള്ള ലാപ്ടോപ്പിൽ നിന്നും ട്രംപ്, ജോ ബൈഡൻ, കൺവെൻഷൻ തുടങ്ങിയവയെ കുറിച്ച് പ്രതി നടത്തിയ തിരച്ചിലുകളും പൊലീസ് കണ്ടെത്തി.

പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് വെടിയേറ്റത്. തുടർന്ന് അക്രമിയെ സീക്രട്ട് സർവീസ് അംഗം വെടിവച്ചു കൊല്ലുകയായിരുന്നു.

വധ ശ്രമത്തിൽ കൊലയാളിയടക്കം രണ്ടുപേര്‍ മരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വേദിയിൽ ട്രംപ് പ്രസംഗിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.

Content Highlight: Donald Trump shooter  flew drone over rally site hours before assassination attempt: Report