കൊച്ചി: കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഉര്‍വശിയാണ്. കൊവിഡ് കാലത്ത് ഇറങ്ങിയ മൂന്ന് സിനിമകളിലും അതി ഗംഭീര പെര്‍ഫോമന്‍സാണ് ഉര്‍വശി കാഴ്ചവെച്ചിരിക്കുന്നത്.
പുത്തം പുതുകാലൈ, സുരരൈ പോട്ര്, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങളായിരുന്നു അത്. മൂന്ന് ചിത്രങ്ങളിലും കോമഡിയും സെന്റിമെന്‍സുമെല്ലാം അനായാസമായി അവതരിപ്പിച്ച ഉര്‍വശിയെ ലേഡി മോഹന്‍ലാല്‍ എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്.
എന്നാല്‍ ഈ വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഐ.ഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യന്‍ അന്തിക്കാട് തന്റെ നിലപാട് തുറന്നുപറഞ്ഞത്.
ഉര്‍വശിയെ ലേഡി മോഹന്‍ലാല്‍ എന്ന് വിശേഷിപ്പിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ക്ക് അവരുടേതായ ശൈലിയുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. മോഹന്‍ലാലിനെ നമ്മള്‍ ആണ്‍ ഉര്‍വശി എന്ന് വിളിക്കാറില്ലല്ലോ. ഉര്‍വശിക്ക് ഉര്‍വശിയുടേതായ വ്യക്തിത്വവും മോഹന്‍ലാലിന് മോഹന്‍ലാലിന്റേതായ വ്യക്തിത്വവുമുണ്ട്. മോഹന്‍ലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന ഒരു നടിയാണ് ഉര്‍വശി. ഇരുവരും ഒരേ ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോടെയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
നേരത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കപ്പെടാന്‍ അല്ല നല്ല നടിയായിരുന്നെന്ന് അറിയപ്പെടാനാണ് തനിക്ക് താല്‍പ്പര്യമെന്ന് ഡൂള്‍ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക