ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ നേരിടുന്ന വംശീയാധിക്ഷേപങ്ങള്‍ക്കു തടയിടാന്‍ കേന്ദ്രം മൂന്നംഗ കമ്മറ്റിയെ നിയോഗിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ നേരിടുന്ന വര്‍ണവിവേചനം ഇല്ലാതാക്കാനും, ഈ വിഷയത്തിലുയരുന്ന പരാതികള്‍ക്ക് ഫലവത്തായി തീര്‍പ്പുകല്‍പ്പിക്കാനുമായാണ് പുതിയ പാനല്‍.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവു പ്രകാരം മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സത്യേന്ദ്ര ഗാര്‍ഗ്, നോര്‍ത്ത് ഈസ്റ്റ് സപ്പോര്‍ട്ട് സെന്റര്‍ സെക്രട്ടറി അലാനാ ഗോള്‍മേ, ദല്‍ഹി യൂണിവേഴ്‌സിറ്റി നിയമവിഭാഗത്തിലെ പ്രൊഫസര്‍ മിസും ന്യോഡു എന്നിവരാണ് കമ്മറ്റിയംഗങ്ങള്‍.
ALSO READ: രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കരുത്; ശക്തമായ എതിര്‍പ്പുമായി സുധീരന്‍
വംശീയമായ ആക്ഷേപങ്ങള്‍ക്കോ, ആക്രമണത്തിനോ, വിവേചനങ്ങള്‍ക്കോ വിധേയരാകാനിടയാവുന്ന വടക്കു കിഴക്കന്‍ ഗോത്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് പരാതികളും ബുദ്ധിമുട്ടുകളും കമ്മറ്റിയെ നേരിട്ടോ ഇ-മെയില്‍ വഴിയോ അറിയിക്കാന്‍ സംവിധാനമുണ്ട്.
അരുണാചല്‍ പ്രദേശില്‍നിന്നുള്ള വിദ്യാര്‍ത്ഥിയായ നിദോ താനിയ ദല്‍ഹിയില്‍ കൊല്ലപ്പെട്ടതടക്കം ഒട്ടേറെ അതിക്രമങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കു നേരെ അടുത്തകാലങ്ങളിലായി ഉണ്ടായിരിക്കുന്നത്. ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനം മുന്‍നിര്‍ത്തി സമര്‍പ്പിക്കപ്പെട്ട റിട്ട് പരിഗണിച്ചതിനു ശേഷമാണ് കമ്മറ്റി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
വംശീയസ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ക്കുനേരെ കര്‍ശനനടപടി സ്വീകരിക്കാന്‍ പാനലിന് അധികാരമുണ്ടായിരിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. എം.പി. ബെസ്ബാരു കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന നിയന്ത്രണരീതികള്‍ നടപ്പില്‍ വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമിക്കപ്പെടുന്നതു തടയാനുള്ള വഴികള്‍ കണ്ടെത്താന്‍ ആഭ്യന്തരമന്ത്രാലയം 2014ല്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ് എം.പി. ബെസ്ബാരു കമ്മീഷന്‍.
കൃത്യമായ നിയമനിര്‍മാണത്തിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഗൗരവമായ മാറ്റങ്ങള്‍ കൂടി ഉണ്ടായാലേ ഇത്തരം വിവേചനങ്ങള്‍ പൂര്‍ണമായും തുടച്ചുനീക്കാനാകൂ എന്നും കോടതി പറഞ്ഞു.
WATCH THIS VIDEO: