തിരുവനന്തപുരം: പൗരത്വനിയമവിരുദ്ധ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിനെ എങ്ങനെ ജനം വിശ്വസിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ സി.എ.എ വിരുദ്ധ നിലപാട് ജനം എങ്ങനെ വിശ്വസിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടില്ല’, മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബര്‍ 31 ന് കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു. ഈ വിഷയത്തില്‍ 2020 ജനുവരി 14 ന് കേരളം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
അതേസമയം കേരളത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി ഒത്തുകളിയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ വില്‍പ്പന ചരക്കാക്കി മാറ്റിയ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസ്, ബി.ജെ.പി, ഒത്തുകളി കേരളത്തില്‍ കുറച്ചുനാളായി ഉണ്ട്. കൃത്രിമവാര്‍ത്തകള്‍ സൃഷ്ടിച്ച് ചര്‍ച്ച തിരിച്ചുവിടാനാണ് ചിലരുടെ ശ്രമം. എല്‍.ഡി.എഫിന് കിട്ടുന്ന പിന്തുണ എതിരാളികളെ ഭയപ്പെടുത്തുന്നു. നേമം സ്ഥാനാര്‍ത്ഥിത്വം തുറുപ്പു ചീട്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. മുന്‍ തെരഞ്ഞെടുപ്പില്‍ ഒഴുകിപ്പോയ വോട്ടിനെ കുറിച്ച് കോണ്‍ഗ്രസ് ആദ്യം പറയട്ടെ’, മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക