ന്യൂദല്‍ഹി: ഡോക്ടര്‍മാര്‍ രാജ്യത്ത് നിശ്ചിതകാലം ജോലി ചെയ്യണമെന്ന ശുപാര്‍ശ പാര്‍ലിമെന്ററി സമിതി. മെഡിക്കല്‍ കോളജുകളില്‍ നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് പഠിച്ച് ഡോക്ടറാവുന്നവര്‍ ആദ്യം കിട്ടുന്ന അവസരത്തില്‍ തന്നെ വിദേശത്തേക്ക് ജോലിക്ക് പോവുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് ശുപാര്‍ശ.
ആരോഗ്യ-കുടുംബക്ഷേമവുമായി ബന്ധപ്പെട്ട പ്രൊഫ. രാംഗോപാല്‍ യാദവ് അദ്ധ്യക്ഷനായ സമിതിയുടേതാണ് ശുപാര്‍ശ.
നിശ്ചിതകാലത്തേക്ക് രാജ്യത്തിനകത്ത് നിര്‍ബന്ധിത സേവനം കഴിഞ്ഞാല്‍ ഡോക്ടര്‍മാരെ പുറത്ത് പോവാന്‍ അനുവദിക്കണമെന്നും സമിതി വ്യക്തമാക്കി. പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന എല്ലാ ഡോക്ടര്‍മാരെയും ഒരു വര്‍ഷത്തേക്ക് ഗ്രാമീണ സേവനത്തിനായി നിയോഗിക്കണം. ഇത്തരത്തില്‍ നിയമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷയും ശമ്പളവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തണം. വിദൂര ഗ്രാമങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് ഏറെക്കുറെ ഇത്തരത്തില്‍ പരിഹരിക്കാനാവുമെന്നും സമിതി പറഞ്ഞു.
Read Also: ‘കണ്ണ് ചിമ്മാനുള്ള സമയം മതി, അപകടങ്ങളുണ്ടാവാന്‍’; അഡാറ് മുന്നറിയിപ്പുമായി വഡോദര പൊലീസ്
ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ 2017 പ്രകാരം രാജ്യത്തെ നഴ്‌സിംഗ് കൗണ്‍സിലും ഡെന്റല്‍ കൗണ്‍സിലും പുനഃക്രമീകരിക്കാനുള്ള സാധ്യതയും സമിതി ആരാഞ്ഞു. പാരാമെഡിക്കല്‍ കോഴ്‌സുകളായ ഫിസിയോ തെറാപ്പി, ഒപ്‌റ്റോമെട്രി തുടങ്ങിയവയുടെ നിലവാരം നിര്‍ണയിക്കാന്‍ രാജ്യത്ത് സംവിധാനങ്ങളില്ല. ഇത്തരം പാരാമെഡിക്കല്‍ സംവിധാനങ്ങളെ നിയന്ത്രിക്കാനും ഗുണനിലവാരം ഉറപ്പ് വരുത്താനും നിയമങ്ങള്‍ ഉണ്ടാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.