'ഹോമിയോ കപട ചികിത്സയാണ്'; കേരളത്തെ സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി മാറ്റുമെന്ന ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡോക്ടര്‍മാര്‍
Kerala
'ഹോമിയോ കപട ചികിത്സയാണ്'; കേരളത്തെ സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി മാറ്റുമെന്ന ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th April 2018, 3:03 pm

കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി മാറ്റുമെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് ഡോക്ടര്‍മാരുടെ കമന്റുകള്‍.

കേരളത്തെ സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി മാറ്റും. ഈ ലക്ഷ്യത്തിലെത്താന്‍ ഹോമിയോ ചികിത്സാ സൗകര്യം ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഘട്ടം ഘട്ടമായി ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കുമെന്നുമാണ് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആരോഗ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ യുവ ഡോക്ടര്‍മാര്‍ രംഗത്തെത്തുകയായിരുന്നു.

കേരളത്തെ സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി മാറ്റും. ഈ ലക്ഷ്യത്തിലെത്താന്‍ ഹോമിയോ ചികിത്സാ സൗകര്യം ഇല്ലാത്ത എല്ലാ…

Posted by K K Shailaja Teacher on Tuesday, 10 April 2018

ഹോമിയോപതി കപട ചികിത്സയാണെന്നും അശാസ്ത്രീയമായ ഈ ചികിത്സാ രീതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മിക്ക രാജ്യങ്ങളിലും ഹോമിയോ നിരോധിച്ചെന്നും വ്യക്തമാക്കിയുള്ള കമന്റുകളാണ് മിക്കതും.

“സൈന്റിഫിക്ക് അല്ലാത്ത ചികിത്സാരീതിയാണ് ഹോമിയോപ്പതി എന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. പല രാജ്യങ്ങളിലും ഇതുമൂലം ഹോമിയോപ്പതി നിരോധിച്ചിട്ടുമുണ്ട്. ആരോഗ്യ വിഷയങ്ങളില്‍ ശാസ്ത്രീയത ഉറപ്പുവരുത്തേണ്ടതുണ്ട്.” – എന്നാണ് ഫോറന്‍സിക് സര്‍ജനും ആരോഗ്യ പ്രവര്‍ത്തകനുമായ ജിനേഷ് പി.എസ് കമന്റ് ചെയ്തത്.

“ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന എമര്‍ജ്ജന്‍സി & ട്രോമ കെയര്‍ കൂടി അങ്ങോട്ടേക്ക് മാറ്റിയാല്‍ വലിയ ഉപകാരമായിരിക്കും. സ്റ്റാഫ് ഷോര്‍ട്ടേജുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ആശ്വാസമാകുന്നതൊപ്പം ജനസംഖ്യാനിയന്ത്രണത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയുമാവാം. ഭാവുകങ്ങള്‍”, എന്നാണ് ഡോ. നെല്‍സണ് ജോസഫ് മന്ത്രിയെ പരിഹസിച്ചത്.

എന്നാല്‍ മന്ത്രിയെ സപ്പോര്‍ട്ട് ചെയ്തും ഡോക്ടര്‍മാരെ വിമര്‍ശിച്ചും ഹോമിയോ വിശ്വാസികളുടെ കമന്റുകളും സജീവമായുണ്ടായിരുന്നു.

ജര്‍മ്മന്‍ ഭിഷഗ്വരനായ സാമുവല്‍ ഹാനിമാന്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികില്‍സാസമ്പ്രദായമാണ് ഹോമിയോപ്പതി. എല്ലാ രോഗങ്ങള്‍ക്കും കാരണം “ജീവശക്തി”യുടെ അസന്തുലിതാവസ്ഥയാണെന്നാണ് ഹോമിയോ വാദം. നേര്‍പ്പിക്കും തോറും വീര്യം കൂടും എന്ന ഹോമിയോ സിദ്ധാന്തം സാമാന്യ യുക്തിക്കും ശാസ്ത്രത്തിനും വിരുദ്ധമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സ്വാഭാവിക വിടുതല്‍, പത്ഥ്യം കാക്കുന്നതിലൂടെയുള്ള രോഗശമനം, പ്ലാസിബോ പ്രതിഭാസം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ഹോമിയോ രോഗം മാറ്റുന്നു എന്ന ധാരണയുണ്ടാക്കുന്നതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.