national news
'നന്ദിയുണ്ട്, എന്നെ എന്‍കൗണ്ടറില്‍ കൊന്ന് കളയാഞ്ഞതിന്'; കള്ളക്കേസില്‍ കുടുക്കുമോ എന്ന് ഭയക്കുന്നതായും ഡോ. കഫീല്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 02, 04:34 am
Wednesday, 2nd September 2020, 10:04 am

ന്യൂദല്‍ഹി: തന്നെ എന്‍കൗണ്ടറിലൂടെ കൊല്ലാതിരുന്നതിന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനോട് നന്ദിയുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. നീതി വ്യവസ്ഥയോടും തനിക്ക് അത്യധികം നന്ദിയുണ്ടെന്നും ജയില്‍ മോചിതനായ ശേഷം കഫീല്‍ ഖാന്‍ എന്‍.ഡി.ടിവിയോട് പറഞ്ഞു.

‘എന്റെ വാക്കുകള്‍ കലാപത്തെ പിന്തുണയ്ക്കുന്നതല്ലെന്ന് വിധിച്ച നീതിന്യായ വ്യവസ്ഥയോട് എനിക്ക് അത്യധികം നന്ദിയുണ്ട്. മുംബൈയില്‍ നിന്നും മഥുരയിലേക്ക് കൊണ്ട് വരുന്നതിനിടയില്‍ എന്നെ എന്‍കൗണ്ടറില്‍ കൊന്ന് കളയാത്തതിന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനോടും നന്ദിയുണ്ട്,’കഫീല്‍ ഖാന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കുമെന്ന ആശങ്കയുള്ളതായും ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ രാജ ധര്‍മം നടപ്പിലാക്കുന്നതിന് പകരം കുട്ടികളുടെതുപോലുള്ള പിടിവാശികളാണ് നടപ്പാക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘രാമായണത്തില്‍ രാജാവ് രാജധര്‍മത്തിനായാണ് പോരാടിയതെന്നാണ് വാത്മീകി പറഞ്ഞത്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ രാജാവ് രാജധര്‍മമല്ല, കുട്ടികളെ പോലുള്ള പിടിവാശിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇനി ഏതെങ്കിലും കള്ളക്കേസില്‍ കുടുക്കുമോ എന്ന ആശങ്കയുണ്ട്,’ കഫീല്‍ ഖാന്‍ പറഞ്ഞു.

മോചിതനായ കഫീല്‍ ഖാന്‍ കോടതിയോടും തന്നെ സ്‌നേഹിക്കുന്നവരോടും നന്ദി പറഞ്ഞു.

‘എന്റെ മോചനത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ അഭ്യുദയകാംക്ഷികളോട് എപ്പോഴും നന്ദിയുണ്ടായിരിക്കും. ഭരണകൂടത്തിന് ഒരിക്കലും എന്നെ വിട്ടയക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷെ നിങ്ങളോരോരുത്തരുടെയും പ്രാര്‍ത്ഥന കൊണ്ടാണ് ഞാന്‍ മോചിതനായത്,’അദ്ദേഹം പറഞ്ഞു.

കഫീല്‍ ഖാനെ മോചിപ്പിക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചത് ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ്. അര്‍ധരാത്രിയോടെ അദ്ദേഹത്തെ പുറത്ത് വിട്ടതായി ഖാന്റെ അഭിഭാഷകന്‍ ഇര്‍ഫാന്‍ ഘാസി അറിയിച്ചു.

കഴിഞ്ഞ ദിവസം കഫീല്‍ഖാന് ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതി അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്.

എന്നാല്‍ കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിച്ചില്ല, മറിച്ച് ദേശീയോദ്ഗ്രഥനത്തിനും പൗരന്മാര്‍ക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു എന്നുമാണ് ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്.

യാതൊരു തെളിവുമില്ലാതെ നിയമവിരുദ്ധമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്ന് കോടതി പറഞ്ഞു. കഫീല്‍ ഖാന് ജാമ്യം അനുവദിച്ച കോടതി അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കുകയും ചെയ്തു.

വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് കഫീല്‍ ഖാന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചെന്നും കോടതി നിരീക്ഷിച്ചു.

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിംഗ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തെ കുറ്റക്കാരനാക്കിയ ജില്ലാ മജിസ്‌ട്രേറ്റിന്റെ നടപടിയേയും കോടതി വിമര്‍ശിച്ചു.

കഫീല്‍ ഖാന്റെ പ്രസംഗത്തിന്റെ ഉദ്ദേശശുദ്ധി അവഗണിച്ചുകൊണ്ട് ചില പ്രയോഗങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞ് വളച്ചൊടിച്ചെന്നും കോടതി പറഞ്ഞു.

ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്തകളിലിടം നേടിയത്. ഇതോടെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയുമായി.

തുടര്‍ന്ന് ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്തു ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.

പിന്നീട് പൗരത്വ നിയമത്തിന് എതിരായ സമരത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ വീണ്ടും അറസ്റ്റു ചെയ്തു. ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 10ന് കോടതി ജാമ്യം നല്‍കിയെങ്കിലും യു.പി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി വീണ്ടും ജയിലിലാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Doctor Kafeel Khan says thanks to STF for not killing him on encounter