കർണാടകയിൽ നിന്ന് സോണിയ ഗാന്ധി രാജ്യസഭയിലേക്കില്ല; വാർത്ത നിഷേധിച്ച് ഡി.കെ. ശിവകുമാർ
national new
കർണാടകയിൽ നിന്ന് സോണിയ ഗാന്ധി രാജ്യസഭയിലേക്കില്ല; വാർത്ത നിഷേധിച്ച് ഡി.കെ. ശിവകുമാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th January 2024, 4:27 pm

 

മൈസൂരു: കർണാടകയിൽ സോണിയ ഗാന്ധിക്ക് രാജ്യസഭാ സീറ്റ് നൽകുമെന്ന വാർത്ത നിഷേധിച്ച് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. സംസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു എന്ന വാർത്ത വ്യാജവും ഊഹാപോഹവും നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വരുന്ന 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി ഉത്തർ പ്രദേശിലെ റായ്‌ബറേലിയിൽ നിന്ന് മത്സരിക്കില്ലെന്നും പകരം കർണാടകയിൽ നിന്ന് രാജ്യസഭയിൽ എത്തുമെന്നും ചില മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

‘അത്തരത്തിലുള്ള വാർത്തകൾ എല്ലാം തെറ്റാണ്. ഒരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ല. നിങ്ങൾ മാധ്യമങ്ങൾ ഊഹാപോഹങ്ങൾ എഴുതുകയാണ്. റിപ്പോർട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കർണാടക ഉപമുഖ്യമന്ത്രി കൂടിയായ ശിവകുമാർ പറഞ്ഞു.

1999 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ബെല്ലാരിയിൽ നിന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവ് സുഷമ സ്വരാജിനെ പരാജയപ്പെടുത്തിക്കൊണ്ട് സോണിയ ഗാന്ധി വിജയിച്ചിരുന്നു.

ഇതിനിടെ മാണ്ഡ്യ ജില്ലയിലെ കേരഗോഡു ഗ്രാമത്തിൽ 108 അടി ഉയരമുള്ള കൊടിമരത്തിൽ നിന്ന് ഹനുമാൻ പതാക നീക്കം ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഡി.കെ. ശിവകുമാർ ബി.ജെ.പിക്കും ജെ.ഡി.എസിനുമെതിരെ ആഞ്ഞടിച്ചു. ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കലാണ് അവരുടെ ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

‘ദേശീയ, കന്നഡ പതാകകളല്ലാതെ മറ്റൊന്നും ഉയർത്തില്ലെന്ന് ബന്ധപ്പെട്ട പ്രാദേശിക സംഘടനയിൽ നിന്ന് കേരഗോഡു ഗ്രാമ പഞ്ചായത്ത് ഉറപ്പ് വാങ്ങിയിട്ടുണ്ട്. ദേശീയ പതാകയും ഭരണഘടനയും സംരക്ഷിക്കാനും ബഹുമാനിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്,’ അദ്ദേഹം വ്യക്തമാക്കി.
‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ നടത്തിയ ബി.ജെ.പി ഇപ്പോൾ അത് ഉപേക്ഷിച്ചോ എന്നും അദ്ദേഹം പരിഹസിച്ചു.

 

Content Highlight: DK Shivakumar dismisses reports claiming Sonia Gandhi may be offered RS seat from Karnataka