കൊച്ചി: ന്യൂനപക്ഷ മോര്‍ച്ച എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജിത്തു വര്‍ഗീസിനെ മാറ്റി നേതൃത്വം. മാറ്റം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചതിന്റെ ഭാഗമാണെന്നാണ് പാര്‍ട്ടി പറയുന്നത്. എന്നാല്‍ ശോഭ സുരേന്ദ്രനൊപ്പം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി.
ജില്ലാ കമ്മിറ്റി പുനസംഘടിപ്പിക്കുന്നത് സ്വാഭാവികമായ നടപടിയാണെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ കെ.എസ്. ഷൈജു പറഞ്ഞു. മറ്റ് മോര്‍ച്ചകളിലും പുനസംഘടന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നേതൃത്വം അവഗണിക്കുന്നുവെന്ന് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശോഭ സുരേന്ദ്രന്‍ ഈ പ്രസ്താവന നടത്തുമ്പോള്‍ പുറകിലായി ജിത്തുവും നില്‍ക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജിത്തുവിനെയും വൈസ് പ്രസിഡന്റായ വര്‍ഗീസിനെയും സ്ഥാനത്ത് നിന്നും മാറ്റിയത്. കമ്മിറ്റിയില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടുമില്ല.
ബി.ജെ.പിയില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ന്യൂസ് 18 ക്ക് നല്‍കിയ അഭിമുഖത്തിലും ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ന്യൂസ് 18 ചാനലിന്റെ ക്യു 18 എന്ന പ്രത്യേക അഭിമുഖത്തിലായിരുന്നു ബി.ജെ.പിയില്‍ നേരിടുന്ന അനീതികളെ കുറിച്ച് ശോഭ തുറന്ന് പറഞ്ഞത്. പൊതു സദസുകളില്‍ നിന്നു മാറ്റി നിര്‍ത്തി അപമാനിച്ചുവെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
‘കേരളത്തില്‍ വരുന്ന സദസുകളില്‍ നമ്മളെ കാണുന്നില്ലെങ്കില്‍ ഞാനാണോ അതിന് ഉത്തരവാദി. അമിത് ഷാ തൃശൂര്‍ ജില്ലയില്‍ വന്നു. അത് എന്റെ കൂടി ജില്ലയാണ്. ആ ജില്ലക്കകത്ത് അദ്ദേഹം വന്നതിന് ശേഷം എന്നെ പൊതു സ്റ്റേജില്‍ പരിപാടിയില്‍ കാണാതെയിരിക്കുമ്പോള്‍ മറ്റൊരു കഥ ഉണ്ടാക്കുകയാണ്. ഓണ്‍ലൈന്‍ ചാനലിലൂടെ ഉണ്ടാക്കുന്ന കഥയെന്താണ്. ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിക്കെതിരായി എന്തോ ചെയ്തത് കൊണ്ടാണ് ശോഭ സുരേന്ദ്രനെ പരിപാടിയില്‍ നിന്നും നീക്കി നിര്‍ത്തിയതെന്ന് പറയുമ്പോള്‍, അത് ഞാന്‍ കേള്‍ക്കുമ്പോള്‍ എനിക്ക്് എങ്ങനെയുണ്ടാകും.
പാര്‍ട്ടിക്ക് വേണ്ടി സര്‍വ്വസ്വവും എനിക്ക് നഷ്ടപ്പെടുത്തേണ്ട സാഹചര്യം വരെ വന്നിട്ടുണ്ട്. ഒരു സ്ത്രീ പുലര്‍ത്തുന്ന റോളുകള്‍ കുടുംബത്തില്‍ ഏറ്റെടുക്കാന്‍ സാധിക്കാതെ വന്നത് കുടുംബത്തേക്കാള്‍ പ്രസ്ഥാനത്തെ സ്‌നേഹിച്ചത് കൊണ്ടാണ്. അങ്ങനെയുള്ള ഒരാളെ സമൂഹ മധ്യത്തില്‍ മറ്റ് പാര്‍ട്ടികളെ കൊണ്ട് അപമാനിക്കുമ്പോള്‍ ഞാനാണോ ഉത്തരം പറയേണ്ടത്, ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
Content Highlight: District Secretary of Minority Morcha has been replaced by bjp