ഇടുക്കി: എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ ആയുധം കണ്ടിരുന്നതായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍. ഡീന്‍ കുര്യാക്കോസ് എം.പിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫായ സെബിന്‍ എബ്രഹാമാണ് സ്റ്റോറീസ് ഓഫ് സെബിന്‍ എന്ന തന്റെ ഫേസ് ബുക്ക് പേജില്‍ പൊളിട്രിക്കല്‍ കുമ്പസാരം എന്ന പേരില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
താന്‍ പ്രതിയായിരുന്ന മറ്റൊരു കേസിന്റെ വിചാരണ കഴിഞ്ഞ് വഴി സുഹൃത്തുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ രണ്ടുപേരോടൊത്ത് പോവുന്ന വഴി അതിലൊരാള്‍ കൊലക്ക് ഉപയോഗിച്ച ആയുധം എന്ന് പറഞ്ഞ് ഒരു കത്തി എടുത്ത് കാണിച്ചുവെന്നും ഏതാണെന്ന് മനസിലായോ എന്നുചോദിച്ചുവെന്നും ആ കൃത്യത്തിന്റെ കത്തിയാണെന്നോ എന്ന ചോദ്യത്തിന് അതെ എന്നുത്തരം നല്‍കിയെന്നും സെബിന്‍ പറയുന്നു. കത്തിയുടെ രൂപവും അടയാളങ്ങളും ഇന്നും കൃത്യമായി ഓര്‍മ്മയുണ്ടെന്നും സെബിന്‍ പറഞ്ഞു.
‘മുട്ടം പൊലീസ് ചാര്‍ജ് ചെയ്ത ഞാന്‍ പ്രതിയായിരുന്ന സി.സി 1759/2018 (Aquitted) കേസിന്റെ വിചാരണ ദിവസങ്ങളിലൊന്നില്‍ വിചാരണക്ക് ശേഷം കോടതിയില്‍ നിന്നും സുഹൃത്തുക്കളും സംഘടനാ സഹപ്രവര്‍ത്തകരുമായ രണ്ടുപേരോടൊപ്പം അതില്‍ ഒരാളുടെ വാഹനത്തില്‍ ചെറുതോണിയിലേക്ക് യാത്ര ചെയ്യവേ ധീരജ് കേസിനെപ്പറ്റി സംസാരിച്ചുകൊണ്ടാണ് വരുന്നത് അറക്കുളത്തെ സുശീല ചേച്ചിയുടെ കടയില്‍ ഭക്ഷണം കഴിക്കുന്നതിനായി നിറുത്തിയപ്പോള്‍ അതില്‍ ഒരാള്‍ കൊലക്ക് ഉപയോഗിച്ച ആയുധം എന്ന് പറഞ്ഞുകൊണ്ട് ഒരു കത്തി എടുത്തു കാണിച്ചുകൊണ്ട് ‘ഇത് ഏതാണെന്ന് മനസ്സിലായോ’ എന്ന് ചോദിക്കുന്നു. ആ കത്തി ആണോ ഇത് എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു മറുപടി, കത്തിയുടെ രൂപവും അടയാളങ്ങളും ഇന്നും കൃത്യമായി എന്റെ ഓര്‍മ്മയിലുണ്ട്,’ സെബിന്‍ കുറിച്ചു.
കേസില്‍ പ്രതികളെ പിടികൂടുന്നതിന് മുമ്പ് തന്നെ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചവരുടെ ബന്ധം ഉപയോഗിച്ച് കൃത്യത്തിന് ഉപയോഗിച്ച ആയുധം സംഭവസ്ഥലത്ത് നിന്നും മാറ്റിയിരുന്നുവെന്നും സെബിന്‍ പറഞ്ഞു.
ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് ഇതുവരെ കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടുപിടിച്ചില്ല. ആയുധം കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയായി കാണാന്‍ കഴിയില്ലെന്നും സെബിന്‍ പറയുന്നു. ആയുധം ഇവിടെയിരിക്കുമ്പോള്‍ പൊലീസ് തലകുത്തി നിന്നന്വേഷിച്ചിട്ടും എന്താണ് കാര്യമെന്നും സെബിന്‍ ചോദിക്കുന്നു.
Content Highlight: Disclosure in Dheeraj murder case; Former Youth Congress leader said he had seen the weapon