റിഷഭ് ഷെട്ടിയോടുണ്ടായിരുന്ന ബഹുമാനം ഈ ഒരൊറ്റ ഷോട്ടില്‍ നശിച്ചു
FB Notification
റിഷഭ് ഷെട്ടിയോടുണ്ടായിരുന്ന ബഹുമാനം ഈ ഒരൊറ്റ ഷോട്ടില്‍ നശിച്ചു
വി.സി. അഭിലാഷ്
Tuesday, 29th November 2022, 4:25 pm
ആ സിനിമ കോടികള്‍ വാരിയിട്ടുണ്ടാകാം. എന്നാല്‍ കൊമേഴ്‌സ്യലായി ശ്രമിച്ച് പരാജയപ്പെട്ട അണ്‍ പ്രൊഫഷണലായ ചെറു ചിത്രങ്ങള്‍ പോലും ഇന്ന് പാടേ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന ഇത്തരം തോന്നിവാസങ്ങള്‍ ഒരു ഉളുപ്പുമില്ലാതെ കാണിച്ച റിഷഭ് ഷെട്ടിയോട് അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളുടെ പേരില്‍ ഉണ്ടായിരുന്ന ബഹുമാനമാണ് ഈ ഒരൊറ്റ ഷോട്ട് കൊണ്ട് നശിച്ചു പോയത്!

ചലച്ചിത്ര സംവിധായകന്‍ ആയതിനുശേഷം സിനിമകളെക്കുറിച്ച് പൊതുവേ അഭിപ്രായം എഴുതാറില്ല. പല നല്ല സുഹൃത്തുക്കളെയും നഷ്ടപ്പെടും എന്ന് പേടിച്ചിട്ടാണത്. എങ്കിലും ഒരു കാര്യം ഇപ്പോള്‍ എഴുതാതിരിക്കാനാവുന്നില്ല.

കാന്താര എന്ന സിനിമ തിയേറ്ററില്‍ റിലീസായപ്പോള്‍ തന്നെ കണ്ടിരുന്നു. രാഖിയ്‌ക്കൊപ്പമാണ് എപ്പോഴും സിനിമ കാണുന്നത്. നെടുമങ്ങാട് സൂര്യ തിയേറ്ററില്‍ ആറരയ്ക്ക് ഉള്ള ഷോയ്ക്ക് മൂന്നര വയസുള്ള ജുഗ്‌നുവിനെയും കൂട്ടിയാണ് ഞങ്ങള്‍ പോയത്.

ചില സീനുകള്‍ കണ്ട് കുഞ്ഞ് പേടിച്ച് കരഞ്ഞതോടെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നുകരുതി ഇടവേള സമയത്ത് വീട്ടിലേക്ക് മടങ്ങി. അന്ന് തന്നെ തൊട്ടടുത്ത ഷോ കാണാന്‍ മകനെ കൂട്ടാതെ പോയി. തിയേറ്റര്‍ മാനേജര്‍ എന്നെ തിരിച്ചറിഞ്ഞത് കൊണ്ട് മാത്രം ഇത്തവണ ടിക്കറ്റ് എടുക്കേണ്ടി വന്നില്ല. അങ്ങനെ ഞങ്ങള്‍ ആദ്യം മുതല്‍ സിനിമ വീണ്ടും കാണുകയായിരുന്നു.

സിനിമ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ അടുത്തകാലത്തൊന്നും ഇത്ര പച്ചയ്ക്ക് ബോഡി ഷെയിം കാണിച്ച മറ്റൊരു സിനിമയും കണ്ടിട്ടില്ല. (താഴെ കാണുന്ന സ്‌ക്രീന്‍ഷോട്ട് നോക്കുക)

ഒരു സാധു കഥാപാത്രത്തെ/സ്ത്രീയെ സംവിധായകന്‍ ഉപമിക്കുന്ന രീതിയാണിത്. ഇവിടെ മാത്രമല്ല, വെര്‍ബലായി പലയിടത്തും ഇതാവര്‍ത്തിക്കുന്നുണ്ട്. മനുഷ്യത്വത്തിനും സാമൂഹിക ബോധത്തിനുമൊന്നും ഒരു വിലയുമില്ലേ?!

ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ച് അതിഗംഭീര റിപ്പോര്‍ട്ടുകളാണ് കിട്ടിയിരുന്നത്. അതുകൊണ്ട് മാത്രമാണ് സിനിമയുടെ തുടക്കത്തില്‍ തന്നെ ഈവിധം സാമൂഹ്യ വിരുദ്ധമായ, ഒരു കാഴ്ച കണ്ടിട്ടും അവസാനം വരെ സിനിമ കാണാന്‍ തയ്യാറായത്!

ആ സിനിമ കോടികള്‍ വാരിയിട്ടുണ്ടാകാം. എന്നാല്‍ കൊമേഴ്‌സ്യലായി ശ്രമിച്ച് പരാജയപ്പെട്ട അണ്‍ പ്രൊഫഷണലായ ചെറു ചിത്രങ്ങള്‍ പോലും ഇന്ന് പാടേ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന ഇത്തരം തോന്നിവാസങ്ങള്‍ ഒരു ഉളുപ്പുമില്ലാതെ കാണിച്ച റിഷഭ് ഷെട്ടിയോട് അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളുടെ പേരില്‍ ഉണ്ടായിരുന്ന ബഹുമാനമാണ് ഈ ഒരൊറ്റ ഷോട്ട് കൊണ്ട് നശിച്ചു പോയത്!

ഇത് കണ്ട് കയ്യടിച്ച് ചിരിച്ച പ്രേക്ഷകരെ കുറിച്ചോര്‍ത്തും അത്ഭുതം തോന്നുന്നു!

റിഷഭ് ഷെട്ടി എന്റെ സുഹൃത്തല്ല. ഇനി അഥവാ ആണെങ്കിലും അല്ലെങ്കിലും, (നമ്മുടെ നാട്ടിലെ മറ്റേത് സുഹൃത്തുക്കളുടെ പടമാണെങ്കിലും) ഇമ്മാതിരി വങ്കത്തരമൊക്കെ കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനെ?

NP: ഇത് ടോട്ടല്‍ സിനിമയെ കുറിച്ചുള്ള വിശകലനമല്ല!

Content Highlight: Director VC Abhilash write up about the body shaming portrayed in the movie Kantara by Rishab Shetty

വി.സി. അഭിലാഷ്
എഴുത്തുകാരന്‍, സംവിധായകന്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ്