മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരാണ് സിദ്ദിഖും ലാലും. റാംജിറാവ് സ്പീക്കിങ്ങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, കാബൂളിവാല, ഫ്രണ്ട്‌സ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഹിറ്റുകളാണ് ഈ കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചത്.
നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥകളൊരുക്കിയ ഇവര്‍ ഒരു ഘട്ടത്തില്‍ എഴുത്ത് നിര്‍ത്താമെന്ന് തീരുമാനിച്ചതായി സിദ്ദിഖ് പറയുന്നു. കൈരളി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
മോഹന്‍ലാല്‍, റഹ്മാന്‍ തുടങ്ങിയവര്‍ വേഷമിട്ട പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിനാണ് തങ്ങള്‍ ആദ്യമായി കഥയൊരുക്കിയത് എന്നാണ് സിദ്ദിഖ് പറയുന്നത്. എന്നാല്‍ ചിത്രം വേണ്ട പോലെ ശ്രദ്ധിക്കപ്പെട്ടില്ല എന്നും സിദ്ദിഖ് പറഞ്ഞു.
സിനിമ വേണ്ടതു പോലെ ശ്രദ്ധിക്കപ്പെടാതിരിക്കാനുള്ള കാരണം സിനിമയുടെ ഉള്ളടക്കമായിരുന്നു. സിനിമയില്‍ മരണത്തെ തമാശ വത്കരിച്ചത് ജനങ്ങള്‍ സ്വീകരിച്ചില്ല,
‘നമ്മുടെ കള്‍ച്ചര്‍ പ്രകാരം മരണം ഒരിക്കലും തമാശയ്ക്ക് ഉപയോഗിക്കേണ്ട എലമെന്റ് അല്ല, അതുകൊണ്ടാവാം അന്ന് അത് ശ്രദ്ധിക്കപ്പെടാഞ്ഞത്. ആ സിനിമയുടെ പരാജയം കാരണം ഇനി എഴുതണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
ഏതെങ്കിലും കാലത്ത് സ്വന്തമായി സിനിമ ചെയ്യുമ്പോള്‍ മാത്രം ഇനി എഴുതാം എന്ന് തീരുമാനിച്ചു. പപ്പന്‍ പ്രിയപ്പെട്ട പപ്പന്റെ പരാജയത്തോടെ എഴുത്ത് എന്ന പരിപാടി നിര്‍ത്തുകയായിരുന്നു,’ സിദ്ദിഖ് പറയുന്നു.
അതിന് ശേഷം സ്വതന്ത്രമായി സംവിധാനം ചെയ്ത തങ്ങളുടെ ആദ്യ ചിത്രം റാംജിറാവ് സ്പീക്കിങ്ങിന് വേണ്ടിയാണ് തിരക്കഥയൊരുക്കിയതെന്നും, ആ പടം ഗംഭീര വിജയം നേടുകയായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.