Film News
കിങ് ഖാനേയും ദളപതിയേയും ഒന്നിപ്പിച്ച് ബ്രഹ്‌മാണ്ട സംവിധായകന്റെ വമ്പന്‍ പ്രോജക്ട്; റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 10, 06:02 pm
Friday, 10th February 2023, 11:32 pm

മള്‍ട്ടി സ്റ്റാര്‍ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ വലിയ മാര്‍ക്കറ്റാണ് ലഭിക്കുന്നത്. ആര്‍.ആര്‍.ആറിലൂടെ രാജമൗലി തുടങ്ങിവെച്ച ഈ ട്രെന്‍ഡ് പിന്നീട് പലരും പരീക്ഷിച്ചിരുന്നു. അടുത്തിടെ ഹൃത്വിക് റോഷന്‍, പ്രഭാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മൈത്രി മൂവീസിന്റെ നിര്‍മാണത്തില്‍ പുതിയ ചിത്രമൊരുക്കുമെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് പ്രഖ്യാപിച്ചിരുന്നു.

അത്തരമൊരു വമ്പന്‍ പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്ന് സൂചനയാണ് ഇപ്പോള്‍ വരുന്നത്. ബ്രഹ്‌മാണ്ട പാന്‍ ഇന്ത്യന്‍ ചിത്രത്തിനായി ദളപതി വിജയ്‌യും ഷാരൂഖ് ഖാനും ഒന്നിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ട് ട്രാക്ക് ടോളിവുഡാണ് പുറത്ത് വിട്ടിരിക്കുന്നത്.

1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് രണ്ട് വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകളായിരിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പേരിടാത്ത രാം ചരണ്‍ ചിത്രത്തിന്റെ പണിപ്പുരയിലാണ് ശങ്കര്‍ ഇപ്പോള്‍. ഇതുകൂടാതെ കമല്‍ ഹാസന്റെ ഇന്ത്യന്‍ ടുവും പൂര്‍ത്തിയാക്കണം. ഇതിന് ശേഷം ഈ ഗ്രാന്റ് സ്‌കെയ്ല്‍ പ്രോജക്ടിലേക്കാകും ശങ്കര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

അറ്റ്‌ലി ഒരുക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ വിജയ് കാമിയോ റോളിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നയന്‍താരയാണ് ഈ ചിത്രത്തില്‍ നായിക ആവുന്നത്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസാണ് ഒടുവില്‍ പുറത്ത് വന്ന വിജയ് ചിത്രം. രശ്മിക മന്ദാന നായികയായ ചിത്രം ശ്രീ വെങ്കഡേശ്വര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദില്‍രാജുവാണ് നിര്‍മിച്ചത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പത്താനാണ് ഒടുവില്‍ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം 888 കോടി നേടി ബോക്‌സ് ഓഫീസ് തേരോട്ടം തുടരുകയാണ്.

Content Highlight: director shanker’s big project bringing together sharukh Khan and vijay; Report