Entertainment news
ഞാനും ജയസൂര്യയും ഒരുമിച്ച് പഠിച്ചതാണ്, പക്ഷെ പത്ത് വയസിന്റെ വ്യത്യാസമുണ്ട്: ഷാഫി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 28, 02:55 pm
Wednesday, 28th December 2022, 8:25 pm

താനും നടന്‍ ജയസൂര്യയും സഹപാഠികളാണെന്ന് സംവിധായകന്‍ ഷാഫി. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെ ചില പ്രശ്‌നങ്ങള്‍ കാരണം പഠനം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നെന്നും പിന്നീട് പത്ത് വര്‍ഷം കഴിഞ്ഞാണ് കോളേജില്‍ പോയതെന്നും ഷാഫി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാനും ജയസൂര്യയും ഒരുമിച്ച് പഠിച്ചതാണ്. അതായത് ജയസൂര്യ എന്റെ ക്ലാസ്‌മേറ്റാണ്. എറണാകുളത്തെ ഒരു കോളേജിലാണ് ഞങ്ങള്‍ ഒരുമിച്ച് പഠിച്ചത്. അതൊരു പാരലല്‍ കോളേജായിരുന്നു. ഞങ്ങള്‍ തമ്മില്‍ അന്ന് മുതലുള്ള ബന്ധമാണ്. ഞാന്‍ അവിടെ പഠിപ്പിക്കാന്‍ ഒന്നും പോയതല്ല കേട്ടോ. പഠിക്കാന്‍ തന്നെ പോയതാണ്.

ഞാന്‍ ഒരു സ്ഥാപനത്തില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തിരുന്നു. അതായത് പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഞാന്‍ അവിടെ പഠിക്കാന്‍ പോകുന്നത്. ഞാനും ജയനും തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. ഇംഗ്ലീഷ് ക്ലാസിലായിരുന്നു ഞങ്ങള്‍ ഒരുമിച്ച് പഠിച്ചത്.

ജയന്‍ പഠിച്ചത് ബികോമായിരുന്നു, ഞാന്‍ പഠിച്ചത് ബി.എ ആയിരുന്നു. അപ്പോള്‍ ഇംഗ്ലീഷ് ക്ലാസിലാണ് ഞങ്ങള്‍ ഒരുമിച്ച് വരുന്നത്. ഞാന്‍ ഇക്കാര്യം ആരോട് പറഞ്ഞാലും എല്ലാവര്‍ക്കും വലിയ സംശയമാണ്. ഞങ്ങള്‍ എങ്ങനെ ഒരുമിച്ച് പഠിക്കും എന്ന സംശയമാണ് എല്ലാവര്‍ക്കും.

എന്റെ വീട്ടില്‍ പ്രാരാബ്ധമൊക്കെ വന്നപ്പോള്‍ എനിക്ക് പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെ ഞാന്‍ പഠിത്തം നിര്‍ത്തി ജോലിക്ക് പോകാന്‍ തുടങ്ങി. അങ്ങനെയാണ് ഈ പത്ത് വര്‍ഷത്തെ ഗ്യാപ്പ് വരുന്നത്. അതൊക്കെ കഴിഞ്ഞാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്,’ ഷാഫി പറഞ്ഞു.

അതേസമയം ഷറഫുദീന്‍, ഇന്ദ്രന്‍സ്, ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിസംബറില്‍ തിയേറ്ററിലെത്തിയ ആനന്ദം പരമാനന്ദമാണ് ഷാഫിയുടെ ഏറ്റവും പുതിയ സിനിമ. തിയേറ്ററില്‍ സിനിമക്ക് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്.

content highlight: director shafi talks about jayasurya