Entertainment news
മല്ലുസിംഗിലെ നായകനായി ഞാന്‍ ആദ്യം കണ്ടത് ലാലേട്ടനെയാണ്; പക്ഷെ സച്ചിക്ക് അതിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല: സേതു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 12, 11:50 am
Sunday, 12th March 2023, 5:20 pm

വൈശാഖിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, സംവൃത സുനില്‍, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സേതു തിരക്കഥ എഴുതിയ സിനിമയാണ് മല്ലുസിംഗ്. ആ കഥ താന്‍ ആദ്യം മോഹന്‍ലാലിനെ വെച്ച് ചെയ്യാമെന്നാണ് കരുതിയതെന്ന് പറയുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ സേതു.

മണിയന്‍പിള്ള രാജുവിന്റെ നിര്‍ദേശപ്രകാരം താനും സംവിധായകന്‍ സച്ചിയും കൂടി മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമക്ക് തിരക്കഥ എഴുതാനുള്ള ആലോചനയിലിരിക്കുമ്പോഴാണ്, മല്ലുസിംഗിന്റെ കഥ താന്‍ ആദ്യം പറയുന്നതെന്ന് സേതു പറഞ്ഞു. എന്നാല്‍ അത് സിനിമക്ക് പറ്റിയ കഥയല്ലെന്ന് പറഞ്ഞ് സച്ചിയുടെ നിര്‍ദേശ പ്രകാരം ഒഴിവാക്കുകയായിരുന്നു എന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സേതു പറഞ്ഞു.

‘മല്ലുസിംഗ് ശരിക്കും ഞാന്‍ സ്വതന്ത്രമായി എഴുതിയ കഥയാണ്. ചോക്ലേറ്റ് കഴിഞ്ഞതിനുശേഷം മണിയന്‍പിള്ള രാജുചേട്ടന് വേണ്ടി ഒരു സിനിമ ചെയ്യാനായി ഞാനും സച്ചിയും ഒരുങ്ങിയിരുന്നു. അന്ന് ലാലേട്ടനെ വെച്ചായിരുന്നു സിനിമ ചെയ്യേണ്ടത്. അന്ന് ലാലേട്ടന് വേണ്ടി സിനിമ ആലോചിക്കുന്ന സമയത്ത് ഞാന്‍ മല്ലുസിംഗിന്റെ ത്രെഡ് പറഞ്ഞിരുന്നു. അന്ന് ആ സിനിമക്ക് പേരിട്ടിരുന്നില്ല. ആ കഥയോട് സച്ചിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല.

ആ കഥ വേണ്ട, സിനിമക്കുള്ള കഥയൊന്നും അതിലില്ലെന്ന് പറഞ്ഞ്, ഞങ്ങളുടെ തര്‍ക്കങ്ങളിലൂടെ വേണ്ടെന്ന് വെച്ച സിനിമയാണത്. അതേസമയത്ത് തന്നെ റണ്‍ ബേബിയുടെ എലമെന്റ് സച്ചിയും പറഞ്ഞിട്ടുണ്ട്. അതിനോട് എനിക്ക് പൊരുത്തപ്പെടാന്‍ സാധിച്ചിരുന്നില്ല. അങ്ങനെ മല്ലുസിംഗും റണ്‍ ബേബി റണ്ണും ഞങ്ങള്‍ വേണ്ടെന്ന് വെച്ചു.

പിന്നെ ഞങ്ങള്‍ സ്വതന്ത്രമായി സിനിമ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആദ്യം ചെയ്ത സിനിമ മല്ലുസിംഗാണ്. സച്ചി ചെയ്യുന്നത് റണ്‍ ബേബി റണ്ണാണ്. ഭാഗ്യവശാല്‍ രണ്ട് സിനിമയും ഹിറ്റായി. ഞാന്‍ മല്ലുസിംഗിന്റെ കഥ എഴുതി തുടങ്ങുന്നത് പൃഥ്വിരാജിനെ വെച്ചാണ്. സ്‌ക്രിപ്റ്റ് മുഴുവനും പൃഥ്വി വായിച്ച് കേട്ടതാണ്, അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു.

നിര്‍ഭാഗ്യവശാല്‍ പൃഥ്വിക്ക് അന്ന് ഹീറോ എന്ന സിനിമയുമായി ഡേറ്റ് ക്ലാഷ് വന്നു. നമുക്ക് ആണെങ്കില്‍ പഞ്ചാബിലെ സീസണൊക്കെ നോക്കണമായിരുന്നു. ആ സമയം കഴിഞ്ഞാല്‍ നമുക്കത് ഷൂട്ട് ചെയ്യാന്‍ സാധിക്കില്ല. അങ്ങനെയാണ് പൃഥ്വിക്ക് പകരം ഉണ്ണി വരുന്നത്,’ സേതു പറഞ്ഞു

content highlight: director sethu about mallusingh movie and mohanlal