കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് 'വഴക്കി'ന്റെ റിലീസ് ടൊവിനോ തടഞ്ഞു; ആരോപണവുമായി സനല്‍കുമാര്‍ ശശിധരന്‍
Entertainment
കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് 'വഴക്കി'ന്റെ റിലീസ് ടൊവിനോ തടഞ്ഞു; ആരോപണവുമായി സനല്‍കുമാര്‍ ശശിധരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th May 2024, 2:03 pm

നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. സനൽ കുമാർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമായിരുന്നു വഴക്ക്. ടൊവിനോയും ചിത്രത്തിന്റെ നിർമാണ പങ്കാളിയായിരുന്നു.

എന്നാൽ ടൊവിനോ സിനിമ റിലീസ് ചെയ്യാൻ സഹകരിക്കുന്നില്ലെന്നും ചിത്രം തിയേറ്ററിൽ എത്തിയാൽ അത് തന്റെ കരിയറിനെ ബാധിക്കുമെന്നാണ് താരം പറയുന്നതെന്നും സനൽ കുമാർ ശശിധരൻ പറയുന്നു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സനൽ കുമാർ തന്റെ ആരോപണങ്ങൾ ഉന്നയിച്ചത്.

ചിത്രം ഐ.എഫ്.എഫ്.കെയിൽ മികച്ച അഭിപ്രായം നേടിയത് തനിക്ക് തിരിച്ചടിയായെന്നും അതോടെ ചിത്രം ഒരു ഫെസ്റ്റിവൽ സിനിമയാണെന്ന നിലപാടിൽ ടൊവിനോ ഉറച്ചുനിന്നെന്നും ചിത്രം റിലീസ് ചെയ്യുന്നതിൽ ടൊവിനോ വിമുഖത കാണിച്ചുവെന്നും സനൽ പറയുന്നു.

സിനിമ ഒ.ടി.ടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യണമെന്ന് വാശി പിടിച്ചപ്പോൾ അതിന്റെ കാര്യം തന്റെ മാനേജറെ ഏല്പിച്ചിട്ടുണ്ടെന്നും അതിന്റെ കരാറിന്റെ കരട് ടൊവിനോ തനിക്ക് അയച്ചു തന്നെന്നും സനൽ പോസ്റ്റിൽ പറയുന്നു.

എന്നാൽ മുമ്പ് ‘കയറ്റം’ എന്ന ചിത്രത്തിൽ ദുരനുഭവം ഉള്ളതിനാൽ താൻ അതിന് വഴങ്ങിയില്ലെന്നും എന്നാൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമായി ചർച്ച ചെയ്യാനുള്ള അധികാരം അയാൾക്ക് നൽകിയെന്നും സനൽ പറയുന്നു.

വഴക്ക് എന്ന ചിത്രം പുറത്തുവരുന്നത് ടൊവിനോക്ക് ഇഷ്ടമല്ലെന്നും ചിത്രം ഇറങ്ങിയാൽ തനിക്ക് നഷ്ടം വരുമെന്നും താരം പറഞ്ഞെന്ന് സനൽ ആരോപണം ഉന്നയിക്കുന്നു. ‘എന്റെ കരിയറിനെ മോശമായി ബാധിക്കുന്ന കാര്യമാണ്. എന്നാലും സാരമില്ല. ഞാൻ രണ്ടോ മൂന്നോ സിനിമകൾ കൊണ്ട് അത് മേക്കപ്പ് ചെയ്യും’ എന്ന് പറഞ്ഞ് ടൊവിനോ ഒരു ഓഡിയോ അയച്ചെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ നാലഞ്ചു വർഷങ്ങൾ മരണത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറൽ മാത്രമായിരുന്നു തന്റെ ജീവിതമെന്നും ഇപ്പോൾ മരണമാണ് ജീവിതത്തിന്റെ വാതിൽ എന്ന തിരിച്ചറിവാണുള്ളതെന്നും പറയുന്ന സനൽ അത് കച്ചവടത്തിന്റെ തന്ത്രങ്ങളിൽ നിന്ന് മുക്തവുമാണ് എന്നും എഴുതിയാണ് തന്റെ കുറുപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ടൊവിനോ തോമസ് ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

Content Highlight: Director  Sanal Kumar Sasidharan Against Tovino Thomas