LGBTQIA+ കമ്യൂണിറ്റിയെക്കുറിച്ച് പഠിക്കാനും അവരുടെ വികാരങ്ങളെ മനസിലാക്കാനും താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പാ. രഞ്ജിത്. ഫിലിം കമ്പാനിയന്‍ സൗത്തിന് മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് തമിഴ് സിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ സംവിധായകരില്‍ ഒരാളായ പാ. രഞ്ജിത് ക്വീര്‍ സമൂഹത്തെക്കുറിച്ച് പറഞ്ഞത്. തന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ നച്ചത്തിരം നഗര്‍ഗിരത് എന്ന സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് രഞ്ജിത് ഇക്കാര്യം പറഞ്ഞത്.
ക്വീര്‍ ആയിരിക്കുക എന്നത് ഒരു രോഗമല്ലെന്നും മാനസിക രോഗമാണെന്നൊക്കെ പറഞ്ഞ് വീട്ടുകാര്‍ ചികിത്സിക്കാനും മറ്റും ശ്രമിക്കുന്നത് ശരിയല്ലെന്നും രഞ്ജിത് പറഞ്ഞു.
‘വെറും ആണ്‍-പെണ്‍ പ്രണയം മാത്രമാണ് പ്രണയമെന്ന് ചിന്തിക്കുമ്പോള്‍ അതങ്ങനെയല്ലെന്നതാണ് പ്രകൃതിയുടെ നീതി. അതൊരു രോഗമല്ല. മാനസികമായ പ്രശ്‌നമാണെന്നൊക്കെപ്പറഞ്ഞ് വീട്ടുകാരൊക്കെ ചികിത്സിക്കാനും മറ്റും ശ്രമിക്കുമല്ലോ. അത് ശരിയല്ല,’ രഞ്ജിത് പറഞ്ഞു.
ഒരാളുടെ സ്വത്വം അയാളുടെ തിരിച്ചറിവാണെന്നും അത്തരത്തില്‍ സ്വയം തിരിച്ചറിഞ്ഞ, സ്വത്വം വെളിപ്പെടുത്തിയ കഥാപാത്രങ്ങളെ തന്റെ നച്ചത്തിരം നഗിര്‍ഗിരത് എന്ന സിനിമയില്‍ അവതരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ചെറുപ്പം മുതലേ തനിക്ക് ആലോചനകളുണ്ടായിരുന്നു. ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠിക്കുമ്പോള്‍ അവരുമായി ധാരാളം സംസാരിക്കുമായിരുന്നു. അവരുടെ വികാരങ്ങളെ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ലിവിങ് സ്‌മൈല്‍ വിദ്യ എന്ന ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റിന്റെ പുസ്തകം പഠിച്ചിട്ടുണ്ടായിരുന്നു. ഇത്തരം വായനയിലൂടെയും അനുഭവങ്ങളിലൂടെയും ഞാന്‍ ഒരു ധാരണയില്‍ എത്തിയിട്ടുണ്ടായിരുന്നു. അവര്‍ എത്രത്തോളം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നതിനെക്കുറിച്ചൊക്കെ എനിക്കൊരു ധാരണയുണ്ട്. എന്നാല്‍ ആ വേദനയൊന്നും വിഷ്വലൈസ് ചെയ്യാന്‍ പോലും പറ്റില്ല. കാരണം വിഷ്വലൈസ് ചെയ്യുന്നതിനുമപ്പുറമാണത്,’ രഞ്ജിത് കൂട്ടിച്ചേര്‍ത്തു.