ലൂസിഫര്‍ പോലെ വ്യത്യസ്തമായി ഒരു സിനിമ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കില്ലല്ലോ: ഗോഡ്ഫാദര്‍ സംവിധായകന്‍
Film News
ലൂസിഫര്‍ പോലെ വ്യത്യസ്തമായി ഒരു സിനിമ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കില്ലല്ലോ: ഗോഡ്ഫാദര്‍ സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th December 2022, 9:27 pm

ഹീറോയിസത്തെ വളരെ വ്യത്യസ്തമായി അവതരിപ്പിച്ച ചിത്രമാണ് ലൂസിഫറെന്ന് സംവിധായകന്‍ മോഹന്‍രാജ. ലൂസിഫര്‍ കണ്ടപ്പോള്‍ ഇത്രയും വ്യത്യസ്തതയോടെ ഒരു ചിത്രം ചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്ക് ഇല്ലല്ലോ എന്ന് ചിന്തിച്ചെന്നും വികടന്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍രാജ പറഞ്ഞു.

‘ലോക്ഡൗണ്‍ സമയത്താണ് ലൂസിഫര്‍ കാണുന്നത്. മലയാളത്തില്‍ വളരെ വ്യത്യസ്തമായി ആ വിഷയം ചെയ്തിട്ടുണ്ട്. ഹീറോയിസം വളരെ നന്നായി അതില്‍ ചെയ്തിട്ടുണ്ട്. ഹീറോയിസം ആസ്വദിക്കാനാണ് നാം തിയേറ്ററിലേക്ക് പോകുന്നത് തന്നെ. നമ്മുടെ ഉള്ളില്‍ പുറത്തേക്ക് പ്രകടിപ്പിക്കാനാവാത്ത ഒരു ഹീറോയിസമുണ്ട്. അത് ഒരു ഹീറോ കാണിക്കുമ്പോള്‍ നാം അത് ആഘോഷിക്കും.

ഇതില്‍ തന്നെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ചിത്രം ഓരോ കാലഘട്ടത്തിലും ഉണ്ടാകും. ഉദാഹരണത്തിന് ബാഷ. ബാഷ മറക്കാനാവാത്ത ചിത്രമായി മാറുന്നതിന് ഒരു കാരണമായി ഹീറോയിസമാണ് പറയുന്നത്. എന്നാല്‍ ആ ചിത്രത്തെ പറ്റി നമ്മള്‍ സംസാരിക്കുന്നത് തന്നെ വ്യത്യസ്തതയോടെയാണ്.

ഈ കാലഘട്ടത്തിലുള്ള ബാഷയുടെ ഇവലൂഷ്ണറി വേര്‍ഷനായാണ് ഞാന്‍ ലൂസിഫറിനെ കാണുന്നത്. വിഷ്വലിലെ മനോഹാരിത കൊണ്ടും ഹീറോ ഗ്ലോറിഫിക്കേഷനേയും കണ്ടന്റിനേയും ഇത്രയും ശക്തമായി അവതരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നമുക്കില്ലല്ലോ എന്ന് ചിന്തിച്ചിരുന്നു,’ മോഹന്‍രാജ പറഞ്ഞു.

ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദര്‍ സംവിധാനം ചെയ്തത് മോഹന്‍രാജയായിരുന്നു. വമ്പന്‍ ഹൈപ്പില്‍ വന്ന ഗോഡ്ഫാദര്‍ തിയേറ്ററില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് മുന്നോടിയായി ലൂസിഫറിന്റെ അപ്ഗ്രേഡ് വേര്‍ഷനാണ് ഗോഡ്ഫാദറെന്ന് ചിരഞ്ജീവി പറഞ്ഞിരുന്നു.

ലൂസിഫര്‍ കണ്ടപ്പോള്‍ പൂര്‍ണ തൃപ്തി തോന്നിയില്ലെന്നും എന്നാല്‍ ഒട്ടും ബോറടിപ്പിക്കാതെയാണ് ഗോഡ്ഫാദര്‍ അണിയിച്ചൊരുക്കിയതെന്നുമാണ് ചിരഞ്ജീവി പറഞ്ഞത്. പ്രസ്താവനക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉണ്ടായത്. ബോളിവുഡ് താരം സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

Content Highlight: Director Mohanraja says that Lucifer is a film that has presented heroism in a very different way