മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ മാലിക് ആമസോണ്‍ പ്രൈമിലെത്തി കഴിഞ്ഞു. സിനിമക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
ചിത്രം ബീമാപ്പള്ളി സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സംഭവത്തെ അവതരിപ്പിച്ചിരിക്കുന്നതില്‍ പാളിച്ചകള്‍ വന്നിട്ടുണ്ടെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോള്‍ മാലികിന് ബീമാപള്ളി വെടിവെപ്പുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കല്‍പ്പികമാണെന്ന് പറയുമ്പോഴും ബീമാപ്പള്ളി സംഭവവുമായി ആളുകള്‍ ബന്ധപ്പെടുത്തുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് അതവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നായിരുന്നു മഹേഷ് നാരായണന്റെ മറുപടി.
‘അവര്‍ക്ക് ബന്ധപ്പെടുത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. ഞാന്‍ സാങ്കല്‍പ്പികമായ കഥയാണ് പറഞ്ഞത്. ഞാനൊരു സ്ഥലത്തിന്റേയും വ്യക്തിയുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലല്ലോ. ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കൂട്ടി വായിക്കാം. ഡിസ്‌ക്ലെയ്മര്‍ വെച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് തന്നെ,’ മഹേഷ് നാരായണന്‍ പറഞ്ഞു.
2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന മാലിക് കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു. പിന്നീട് രണ്ടാം തരംഗം ശക്തമായതോടെ സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, രാജേഷ് ശര്‍മ, അമല്‍ രാജ്. സനല്‍ അമന്‍, പാര്‍വതി കൃഷ്ണ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.
ടേക്ക് ഓഫിനും സീ യു സൂണിനും ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.