കല്‍പ്പറ്റ: പൊതുബോധത്തിന്റെ ചിന്താഗതി മാറിയാലെ ആദിവാസികളോടുള്ള മനോഗതിയില്‍ മാറ്റം വരികയുള്ളുവെന്ന് സംവിധായിക ലീല സന്തോഷ്. വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥന്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ വിഷയത്തില്‍ പ്രതകരിക്കുകയായിരുന്നു അവര്‍.
വശ്വാനാഥന്മാര്‍ ഇനിയും ഉണ്ടാവാതിരിക്കാന്‍ പൊതുബോധത്തിന്റെ ചിന്താഗതി മാറേണ്ടതുണ്ടെന്നും ലീല സന്തോഷ് പറഞ്ഞു.
‘പൊതുബോധം എന്നത് വെളുത്ത് തുടുത്ത മുഖവും, വടിവൊത്ത ശരീരവും, ബ്രാന്‍ഡഡ് വസ്ത്രങ്ങളും അണിഞ്ഞ് നടക്കുന്നവരാണ് മാന്യരും ബുദ്ധി ഉള്ളവരും എന്നാണ്. അങ്ങനെയുള്ള പൊതുബോധത്തോട് ഒരാദിവാസി എന്ന നിലയില്‍. ഒരാദിവാസിയുടെ നിറം കറുത്തതാണ്. ചുരുണ്ട് എണ്ണമയമില്ലാത്ത മുടിയാണ്. പരന്ന മൂക്കാണ്. തടിച്ച ചുണ്ടുകളാണ്.
വരണ്ടുണങ്ങിയ തൊലിയാണ്. പഴകിയ ബ്രാന്‍ഡഡ് അല്ലാത്ത വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. അത് തന്നെയാണ് ആദിവാസി. വെയ്‌ലത്തും മഴയത്തും കാറ്റത്തുമെല്ലാം ഇറങ്ങി പണി എടുത്തിട്ട് തന്നെയാണ് ഒരാദിവാസി ജീവിക്കുന്നത്. വശ്വാനാഥന്മാര്‍ ഇനിയും ഉണ്ടാവാതിരിക്കാന്‍ ആദിവാസിയുടെ തൊലി നിറമല്ല മാറേണ്ടത്. പൊതുബോധത്തിന്റെ ചിന്താഗതിയാണ് മാറേണ്ടത്,’ ലീല സന്തോഷ് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് കഴിഞ്ഞ ദിവസം വയനാട് മേപ്പാടി സ്വദേശിയായ വിശ്വനാഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.