കൊച്ചി:കുമ്പളങ്ങി നൈറ്റ്‌സിലെ സൗബിന്റെ പ്രകടനമാണ് ‘മ്യാവൂ’ സിനിമയിലേക്ക് തെരഞ്ഞെടുക്കാന്‍ കാരണമെന്ന് സംവിധായകന്‍ ലാല്‍ ജോസ്. മ്യാവൂവിന്റെ വിശേഷങ്ങളുമായി മാതൃഭൂമി ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ കണ്ടപ്പോള്‍ ഞാന്‍ ഫ്‌ളാറ്റായിപ്പോയി. അതിലെ സൗബിന്റെ പെര്‍ഫോമന്‍സ് നല്ലതായിരുന്നു. അതിന് മുന്‍പ് അദ്ദേഹം ചെയ്തിട്ടുള്ളതെല്ലാം ഹ്യൂമറുള്ള റോളുകളായിരുന്നു. രണ്ട് മൂന്ന് സീനില്‍ അതിഗംഭീരമായ പെര്‍ഫോമന്‍സായിരുന്നു സൗബിന്‍ കാഴ്ചവെച്ചത്,’ ലാല്‍ ജോസ് പറഞ്ഞു.
ഒരു ആക്ടര്‍ എന്ന നിലയില്‍ സൗബിനെ തിരിച്ചറിയുന്നത് കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മ്യാവൂവില്‍ സൗബിനെ അഭിനയിക്കാന്‍ വിളിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നെന്നും ലാല്‍ ജോസ് പറഞ്ഞു.
‘നമുക്കൊരു പേടിയുണ്ടായിരുന്നു. പുതിയ ജനറേഷനിലെ ആക്ടറാണ്. വേറൊരുതരത്തിലുള്ള സിനിമകളിലാണ് അഭിനയിക്കുന്നത്. നമ്മളുടെയൊക്കെ ടൈപ്പ് സിനിമയില്‍ അഭിനയിക്കുമോ എന്നറിയില്ല. പക്ഷെ സംസാരിച്ചപ്പോള്‍ പുള്ളിയ്ക്ക് കഥകേട്ടു. ഇഷ്ടമായി,’ അദ്ദേഹം പറഞ്ഞു.
സൗബിനും മംമ്ത മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മ്യാവൂവില്‍ ഒരു പൂച്ചയും പ്രധാന കഥാപാത്രമാവുന്നുണ്ട്.
ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തകിറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസിന് വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.
പ്രവാസി കുടുംബത്തിന്റെ കഥ പറയുന്ന ‘മ്യാവു’ പൂര്‍ണമായും റാസല്‍ഖൈമയില്‍ ചിത്രീകരിക്കുന്ന ചിത്രം കൂടിയാണ്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബുവാണ്.
സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം.ലൈന്‍ പ്രൊഡ്യുസര്‍ വിനോദ് ഷൊര്‍ണ്ണൂര്‍, കല അജയന്‍ മങ്ങാട്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്.
സ്റ്റില്‍സ് ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍ രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍.