മിലിറ്ററി ബാക്ഗ്രൗണ്ടിൽ മോഹൻലാലിനെ വെച്ചൊരു ലൗ സ്റ്റോറി, ആറാംതമ്പുരാൻ കാരണമാണ് ആ ചിത്രം നടക്കാതെ പോയത്: കമൽ
Entertainment
മിലിറ്ററി ബാക്ഗ്രൗണ്ടിൽ മോഹൻലാലിനെ വെച്ചൊരു ലൗ സ്റ്റോറി, ആറാംതമ്പുരാൻ കാരണമാണ് ആ ചിത്രം നടക്കാതെ പോയത്: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th May 2024, 9:24 am

മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കമൽ. നിരവധി വ്യത്യസ്ത സിനിമകൾ ചെയ്തിട്ടുള്ള കമൽ മലയാളത്തിൽ ശ്രദ്ധേയമായ ഒരുപാട് പ്രണയചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

അത്തരത്തിൽ രഞ്ജിത്തിന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ചെയ്യാനിരുന്ന ഒരു ചിത്രത്തെക്കുറിച്ച് പറയുകയാണ് കമൽ.

എന്നാൽ ആ ചിത്രം പിന്നീട് മുടങ്ങിപ്പോയെന്നും രഞ്ജിത്ത് ആറാംതമ്പുരാൻ എന്ന ചിത്രത്തിന്റെ തിരക്കിലായപ്പോൾ ആ ചിത്രത്തെ കുറിച്ചുള്ള ഡിസ്കഷൻസ് നിന്ന് പോയെന്നും കമൽ പറയുന്നു. പിന്നീട് ഈ കഥയിൽ നിന്നാണ് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രം ഉണ്ടാവുന്നതെന്നും കമൽ പറഞ്ഞു. കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു കമൽ.

‘എനിക്ക് ഒരുപാട് ഓർമകൾ ഉള്ള, നല്ല പാട്ടുകളുള്ള, അതിലുപരി അതിമനോഹരമായ വിഷ്വൽസും, എന്റെ കരിയറിൽ ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത്. അതിന്റെ കഥ രഞ്ജിത്തിന്റേതാണ്. രഞ്ജിത്തിന്റെ കഥ എന്ന് പറയുമ്പോൾ അത് ഞങ്ങൾ വേറെ പ്രോജക്ട് ആയിട്ട് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് ആയിരുന്നു.

രഞ്ജിത്ത് കഥ എഴുതാൻ ഇരുന്ന സബ്ജക്ട് ആയിരുന്നു അത്. അത് കെ.ടി.സിക്ക് വേണ്ടിയായിരുന്നു. അതൊരു മിലിറ്ററി ബാക്ഗ്രൗണ്ടിലായിരുന്നു ആദ്യം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. ഒരു മിലിറ്ററി ഓഫീസർ ഒരു പെൺകുട്ടിയെ അവിടെ വെച്ച് കാണുന്നു.

പെൺകുട്ടിയുടെ ബാക്ഗ്രൗണ്ടിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം ഇയാളെ ആ കുട്ടി അക്സെപ്റ്റ് ചെയ്യുന്നില്ല. അങ്ങനെ പോകുന്ന ഒരു മിലിറ്ററി ബാക്ഗ്രൗണ്ടിലുള്ള കഥയായിരുന്നു രഞ്ജിത്ത് എന്നോട് പറഞ്ഞിരുന്നത്.

ഞങ്ങളതിന് വർക്ക് ചെയ്തപ്പോൾ പല കാരണങ്ങൾ കൊണ്ടത് നീണ്ടുപോയി. പ്രോപ്പർ ആയിട്ട് ആക്ടറിലേക്ക് എത്താൻ പറ്റിയില്ല. മോഹൻലാലിനെ ഉദ്ദേശിച്ചിരുന്നു. ലാലിന്റെ ഡേറ്റിന്റെ പ്രശ്നമുള്ളതുകൊണ്ട് അതിലേക്ക് എത്തിയില്ല. അതിനിടയിൽ രഞ്ജിത്ത് വേറെ സിനിമ എഴുതാൻ ആയിട്ട് പോയി.

ആറാംതമ്പുരാൻ എന്ന് പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട സിനിമ, അതിന്റെ കഥയുടെ ഡിസ്കഷന് രഞ്ജിത്ത് പോയി കഴിഞ്ഞപ്പോൾ ഫ്രീ ആയില്ല. ആ പ്രോജക്ട് നടക്കാതെ പോയി,’ കമൽ പറഞ്ഞു.

 

Content Highlight: Director Kamal Talk About A Dropped Project With Mohanlal And Ranjith