ആ സിനിമയില്‍ കമിതാക്കള്‍ സെക്‌സില്‍ ഏര്‍പ്പെടാതെ പിരിയുന്നതിനെ ബുദ്ധിജീവികള്‍ ചോദ്യം ചെയ്തു: കമല്‍
Entertainment news
ആ സിനിമയില്‍ കമിതാക്കള്‍ സെക്‌സില്‍ ഏര്‍പ്പെടാതെ പിരിയുന്നതിനെ ബുദ്ധിജീവികള്‍ ചോദ്യം ചെയ്തു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th May 2024, 2:21 pm

മേഘമല്‍ഹാര്‍ സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ച് അന്നത്തെ ചില ബുദ്ധിജീവികളും ചെറുപ്പക്കാരും വിമര്‍ശനം ഉന്നയിച്ചിരുന്നതായി സംവിധായകന്‍ കമല്‍. സമൂഹത്തെ ഭയപ്പെട്ടതുകൊണ്ടാണോ ഒരിക്കല്‍ പോലും ശാരീരികമായി ബന്ധപ്പടാതെ, ക്ലൈമാക്‌സില്‍ അവരെ പിരിയാന്‍ അനുവദിച്ചത് എന്നായിരുന്നു അവര്‍ ചോദിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ 2024ലാണ് ഈ സിനിമ ചെയ്യുന്നതെങ്കില്‍ ഇങ്ങനെയായിരിക്കുമോ ക്ലൈമാക്‌സ് എന്നും ചിലര്‍ ചോദിക്കാറുണ്ടെന്നും കമല്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ പ്രണയത്തിന് ഫുള്‍സ്റ്റോപ് ഇടുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ഈ സിനിമയില്‍ (മേഘമല്‍ഹാര്‍) ഒരു പ്രത്യേക ഘട്ടത്തില്‍ വെച്ച് ഇനി നമ്മള്‍ കാണേണ്ട എന്നു പറഞ്ഞ് അവര്‍ പിരിയുകയാണ്. പിന്നീട് ക്ലൈമാക്‌സില്‍ അതേ കന്യാകുമാരിയില്‍ വെച്ച് വീണ്ടും അവര്‍ കണ്ടുമുട്ടുന്നുണ്ട്. എന്നാല്‍ അപരിചിതരെ പോലെ ഹലോ-ഹലോ എന്ന് പറഞ്ഞ് പിരിയുന്നതാണ് അതിന്റെ ക്ലൈമാക്‌സ്.

സമൂഹത്തെ ഭയന്നിട്ടാണോ ഇവര്‍ തമ്മില്‍ ശാരീരികമായ യാതൊരു ബന്ധങ്ങളുമില്ലാതെ അതേ പോലെ തന്നെ അവരെ പിരിയാന്‍ അനുവദിച്ചത് എന്ന് ആ സിനിമ ഇറങ്ങിയ സമയത്ത് അന്നത്തെ ചില ചെറുപ്പക്കാരും ബുദ്ധിജീവി സര്‍ക്കിളുകളില്‍ നിന്നമുള്ളവരും എന്നോട് ചോദിച്ചിരുന്നു. ഇതിനെ ഞാന്‍ അങ്ങനെയാണ് കാണുന്നത് എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. അങ്ങനെയുമാകാമല്ലോ മനുഷ്യര്‍.

അവര്‍ ഒരുമിച്ച് യാത്ര ചെയ്യുകയും ഒരു ഹോട്ടല്‍മുറിയില്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തപ്പോള്‍ അവര്‍ തമ്മില്‍ സെക്‌സ് സംഭവിച്ചിട്ടുണ്ടായിരിക്കാം, സംഭവിച്ചിട്ടില്ലായിരിക്കാം. നമ്മള്‍ അത് കാണിക്കുന്നില്ല. ഞാന്‍ ഈ സിനിമയില്‍ അത് കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ ഇന്നാണ് ഇത് ചെയ്തതെങ്കില്‍ എന്തായിരിക്കുമായിരുന്നു എന്ന് ഇപ്പോള്‍ ചിലര്‍ ചോദിക്കാറുണ്ട്. ഞാന്‍ അങ്ങനെ തന്നെയായിരിക്കാം ക്ലൈമാക്‌സ് എടുക്കുക, എനിക്ക് മറുത്തൊരു അഭിപ്രായം പറയാനില്ല.

എന്നാല്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് അതായിരിക്കില്ല. ഇപ്പോഴത്തെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് അവര്‍ രണ്ട്‌പേരും (മേഘമല്‍ഹാറിലെ കഥാപാത്രങ്ങള്‍) ഒരു ഹോട്ടല്‍മുറിയില്‍ റൂമെടുക്കുകയും രണ്ട് പേരും തമ്മില്‍ ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുകയും അടുത്ത ദിവസം ബൈ പറഞ്ഞ് പിരിയുകയും ചെയ്യുന്നതായിരിക്കും. മേഘമല്‍മല്‍ഹാറിനെ ഈ ഇന്റന്‍സിറ്റിയോട് കൂടി ഇന്ന് കാണിക്കണമെന്നില്ല. കാണിച്ചാല്‍ പ്രേക്ഷകര്‍ അത് സ്വീകരിച്ചുകൊള്ളണമെന്നുമില്ല. കാരണം മേഘമല്‍ഹാര്‍ വന്നിട്ട് കുറെ വര്‍ഷങ്ങളായി,’ കമല്‍ പറഞ്ഞു.

content highlights:Director Kamal’s response to criticism of the climax of Meghamalhar movie