മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു.
കമലിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’. പുതുമുഖങ്ങളെ വെച്ച് ചെയ്ത ചിത്രം സാമ്പത്തികമായി വലിയ ശ്രദ്ധ നേടിയിരുന്നില്ല. എന്നാല്‍ ആ സമയത്ത് പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ ചെയ്യാനാണ് ആലോചിച്ചതെന്നും എന്നാല്‍ എഴുത്തിന്റെ ഒരു ഘട്ടത്തില്‍ മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ ആ കഥ ഉപേക്ഷിച്ചുവെന്നും കമല്‍ പറഞ്ഞു.
വളരെ വ്യത്യസ്തമായ സാഹചര്യത്തില്‍ നടക്കുന്ന കഥയായിരുന്നു ആ സിനിമയുടേതെന്നും മുന്തിരിപ്പൂക്കളുടെ അതിഥി എന്നായിരുന്നു ആ സിനിമക്ക് ഇടാന്‍ വെച്ചിരുന്ന പേരെന്നും കമല്‍ പറഞ്ഞു. ആ കഥ എങ്ങനെ വിചാരിച്ചിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുകൊണ്ടാണ് മഞ്ഞുപോലൊരു പെണ്‍കുട്ടിയിലേക്ക് മാറേണ്ടി വന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
‘ടീനേജ് പ്രായക്കാരുടെ ജീവിതം പ്രധാന സബ്ജക്ടാക്കി ഞാന്‍ ചെയ്ത സിനിമയായിരുന്നു മഞ്ഞുപോലൊരു പെണ്‍കുട്ടി. പക്ഷേ ആ സിനിമ ഉണ്ടായതിന്റെ പിന്നില്‍ മറ്റൊരു കഥയുണ്ട്. ആ സമയത്ത് ഞാന്‍ ചെയ്യാനുദ്ദേശിച്ചത് മറ്റൊരു സിനിമയായിരുന്നു. പൃഥ്വിയെ നായകനാക്കി ഒരു സിനിമ ചെയ്യാനായിരുന്നു പ്ലാന്‍. ആ സമയത്ത് അതിന്റെ ടൈറ്റിലും അനൗണ്‍സ് ചെയ്തിരുന്നു.
മുന്തിരിപ്പൂക്കളുടെ അതിഥി എന്നായിരുന്നു ആ സിനിമയുടെ പേര്. സ്‌ക്രിപ്റ്റ് ഒരു ഘട്ടമെത്തിയപ്പോള്‍ കഥ മുന്നോട്ടു പോകാത്ത അവസ്ഥയായി. എങ്ങനെ നോക്കിയിട്ടും അത് പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. അങ്ങനെ ആ സിനിമ ഡ്രോപ്പ് ചെയ്യേണ്ടി വന്നു. പിന്നീടാണ് മുഴുവന്‍ പുതുമുഖങ്ങളെ വെച്ച് ചെയ്യാന്‍ പറ്റുന്ന കഥ കിട്ടുന്നതും മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമ ചെയ്യുന്നതും,’ കമല്‍ പറഞ്ഞു.
Content Highlight: Director Kamal about dropped project with Prithviraj