Malayalam Cinema
ദേവദാസ് ആവാന്‍ മുടിവെട്ടാന്‍ സുകുമാരന്‍ മടിച്ചു; സേതുരാമയ്യര്‍ക്കെതിരെ ദേവദാസിന്റെ മകന്‍ ഒരിക്കല്‍ കൂടി വരും; സി.ബി.ഐ 5 നെ കുറിച്ച് കെ മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Nov 04, 10:52 am
Wednesday, 4th November 2020, 4:22 pm

കൊച്ചി: സിന്ദൂര കുറി തൊട്ട്, കൈ പിറകില്‍ കെട്ടി നടന്നുവരുന്ന സേതുരാമയ്യര്‍, പശ്ചാത്തലത്തില്‍ മുഴങ്ങുന്ന വിഖ്യാതമായ ബി.ജി.എം. സി.ബി.ഐ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ ഉള്ളില്‍ പൊതുവെ വരുന്ന ചിത്രമാണിത്.

32 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സി.ബി.ഐ സീരിസിലെ ആദ്യ ചിത്രം റിലീസ് ആവുന്നത്. ചിത്രത്തിന്റെ അഞ്ചാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ കെ. മധു.

ചിത്രത്തിലെ മറ്റൊരു ഐക്കോണിക് കഥാപാത്രമായിരുന്നു ഡി.വൈ.എസ്.പി ദേവദാസ്. നടന്‍ സുകുമാരനായിരുന്നു ഈ റോള്‍ ചെയ്തത്. എന്നാല്‍ ചിത്രത്തിനായി ആദ്യം പൊലീസ് കട്ടില്‍ മുടി വെട്ടാന്‍ സുകുമാരന് മടിയായിരുന്നെന്നാണ് സംവിധായകന്‍ പറയുന്നത്.

ഗൃഹലക്ഷ്മിയോട് ആയിരുന്നു കെ.മധുവിന്റെ തുറന്നുപറച്ചില്‍. പിന്നീട് മുടി വെട്ടി എത്തിയ സുകുമാരന് നല്ല ഗെറ്റപ്പ് ആയിരുന്നെന്നും അത് മുതലെടുക്കാന്‍ എന്‍ട്രി സീനില്‍ വലിയ ബില്‍ഡപ്പ് നടത്തി മ്യൂസിക് ഒക്കെ കൊടുത്തു. ഇതോടെ നായകന് ഒത്ത പ്രതിയോഗിയായി ദേവദാസ് മാറുകയായിരുന്നെന്നും കെ.മധു പറഞ്ഞു.

രണ്ടാമത്തെ ചിത്രമായ ജാഗ്രതയിലും സുകുമാരന്റെ കഥാപാത്രം ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം 2004 ലാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുന്നത്. ഇതില്‍ ദേവദാസ് ആയി സുകുമാരന്‍ ഇല്ലാത്തത് വലിയ പോരായ്മയായി തോന്നി അങ്ങിനെയാണ് അദ്ദേഹത്തിന്റെ മകന്‍ സത്യദാസ് എന്ന് കഥാപാത്രം ഉണ്ടാവുന്നത്. സായികുമാറാണ് ഈ റോള്‍ ചെയ്തിരുന്നത്.

സുകുമാരന്റെ മാനറിസങ്ങളുമായി അദ്ദേഹം ചെയ്ത ഈ റോള്‍ ഏറെ പ്രശംസ നേടിയിരുന്നു. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തും സത്യദാസ് എന്ന കഥാപാത്രം ഉണ്ടാവുമെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രം കൊവിഡ് ഭീഷണി ഒഴിഞ്ഞാല്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എസ്.എന്‍ സ്വാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന പുതിയ കഥാതന്തുവാണ് ഇത്തവണ എസ്.എന്‍ സ്വാമി ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

1988ലാണ് ആദ്യ സി.ബി.ഐ ചിത്രം പുറത്തിറങ്ങുന്നത്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ആദ്യ ചിത്രം സൂപ്പര്‍ഹിറ്റായതോടെ അടുത്ത വര്‍ഷം പരമ്പരയിലെ രണ്ടാം ചിത്രം പുറത്തിറങ്ങി. ജാഗ്രത എന്നായിരുന്നു ചിത്രത്തിന്റെ പേര്. പിന്നീട് സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്ന ചിത്രങ്ങള്‍ ഇറങ്ങി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Director K Madhu on CBI 5 Movie Mammootty Sethuramayyar , Sukumaran Devadas, Sai kumar