അനശ്വര നടന്‍ ജയന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ജോഷി. മൂര്‍ഖന്‍ എന്ന സിനിമ താന്‍ സംവിധാനം ചെയ്തില്ലെങ്കില്‍ അഭിനയിക്കില്ലെന്ന് ജയന്‍ പറഞ്ഞുവെന്നും ജോഷി പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ബന്ധം കൊണ്ടാണ് തനിക്ക് ആ സിനിമ ചെയ്യാന്‍ കഴിഞ്ഞതെന്നും ജോഷി പറഞ്ഞു.
ജയന്റെ മരണത്തിന്‍ മുമ്പ് നടന്ന പല കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചു. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമ കാണാന്‍ വരാമെന്ന് പറഞ്ഞിരുന്ന അന്നാണ് അദ്ദേഹം മരിക്കുന്നതെന്നും ജോഷി കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ജയന്‍ നായകനായ ‘ബെന്‍സ് വാസു’ എന്ന സിനിമയിലെ ഒരു ഫൈറ്റ് സീനാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്. ആ സീന്‍ എടുക്കുന്നത് ഞാനായിരുന്നു. ആ സിനിമയുടെ നിര്‍മാതാവും സംവിധായകനുമായ ഹസനിക്കയോട് അന്ന് ജയന്‍ പറഞ്ഞു ”അടുത്തപടം നമുക്ക് ജോഷിയെക്കൊണ്ട് ചെയ്യിക്കണം’ എന്ന്. കൊച്ചിന്‍ ഹനീഫയും ഹസനിക്കയും ഞാനും ചേര്‍ന്നാണ് മൂര്‍ഖന്‍ എന്ന സിനിമയുടെ കഥയുണ്ടാക്കുന്നത്.
കഥകേട്ടപ്പോള്‍ തന്നെ ജയന്‍ പറഞ്ഞു ഈ പടം നമുക്ക് ജോഷിയെക്കൊണ്ട് ചെയ്യിക്കാമെന്ന് ജയന്‍ പറഞ്ഞു. എന്നാല്‍ വിതരണക്കാരായ രാജ് പിക്ച്ചേഴ്‌സ് അതിന് സമ്മതിച്ചില്ല. ഭാഗ്യമില്ലാത്ത സംവിധായകനെക്കൊണ്ട് സിനിമ ചെയ്യിപ്പിച്ചാല്‍ അവര്‍ സഹകരിക്കില്ലെന്നും പറഞ്ഞു. ഹസനിക്കയുടെ പേരില്‍ ആ പടം ചെയ്യുകയാണെങ്കില്‍ അവര്‍ സമ്മതിക്കാമെന്നും പറഞ്ഞു.
ഒടുവില്‍ ഹസനിക്ക പറഞ്ഞു സംവിധാനം ഹസ്സന്‍-ജോഷി എന്ന് വെക്കാമെന്ന്. അങ്ങനെ ചെയ്യാന്‍ ഞാന്‍ സമ്മതിച്ചില്ല. എന്റെ പേര് വെക്കണ്ട സിനിമ ഞാന്‍ ചെയ്ത് തരാമെന്ന് ഹസനിക്കയോട് ഞാന്‍ പറഞ്ഞു. എന്നാല്‍ ജയന്‍ അത് അംഗീകരിച്ചില്ല. ഞാന്‍ ജോഷിക്ക് വാക്ക് കൊടുത്തതാണ് അയാള്‍ സംവിധാനം ചെയ്താല്‍ മാത്രമേ ഞാന്‍ അഭിനയിക്കുകയുള്ളു എന്നും ജയന്‍ പറഞ്ഞു.
അദ്ദേഹം അങ്ങനെ പറഞ്ഞപ്പോള്‍ രാജ് ഫിലിംസിന് അത് അംഗീകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇരുപത്തിയഞ്ച് ദിവസംകൊണ്ട് മൂര്‍ഖന്‍ ഷൂട്ട് ചെയ്തു. ഫസ്റ്റ് കോപ്പി ആയപ്പോള്‍ ജയന്‍ എന്നെ വിളിച്ച്, തന്റെ സുഹൃത്തുക്കള്‍ക്ക് മൂര്‍ഖന്‍ കാണാന്‍ അവസരമൊരുക്കി തരണമെന്ന് പറഞ്ഞു. പ്രദര്‍ശിപ്പിക്കാന്‍ വേണ്ടത് ചെയ്യാമെന്ന് ഞാനും പറഞ്ഞു. അന്നൊരു ഞായറാഴ്ചയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് സിനിമാ കാണാനായി ഞാനും കൊച്ചിന്‍ ഹനീഫയും ഫിലിം പെട്ടിയുമായി കാത്തിരുന്നു. അപ്പോള്‍ സ്റ്റുഡിയോയിലേക്ക് ഒരു കോള്‍ വന്നു.