അടുത്ത കാലത്ത് മലയാളത്തില്‍ ഏറ്റവും ചര്‍ച്ചയായ സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സിനിമ മുന്നോട്ടുവെക്കുന്ന സ്ത്രീപക്ഷവാദത്തെ കുറിച്ചും തുല്യതയെ കുറിച്ചും ചര്‍ച്ചകള്‍ ഉയരവേ സിനിമക്കെതിരെ വിമര്‍ശനവുമായി നിരവധി പേരും രംഗത്തെത്തിയിരുന്നു.
സിനിമക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയര്‍ന്ന ചോദ്യമായിരുന്നു, തുല്യതയെ കുറിച്ച് പറയുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സുരാജിനും നിമിഷക്കും ഒരേ വേതനമാണോ കൊടുത്തത് എന്നത്. ഇപ്പോള്‍ ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജിയോ ബേബി.
ഇത്തരം ചോദ്യങ്ങളുന്നയിക്കുന്നവര്‍ ആചാരസംരക്ഷകരോ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍കാരോ ആയിരിക്കുമെന്ന് പറഞ്ഞ ജിയോ ബേബി സുരാജിനും നിമിഷക്കും കൊടുത്ത ശമ്പളത്തെ കുറിച്ച് പറയാന്‍ സൗകര്യമില്ലെന്ന് പറഞ്ഞു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിയോയുടെ പ്രതികരണം. ഈ ചോദിക്കുന്നവരുടെ വീടുകള്‍ പണിയുമ്പോള്‍ എഞ്ചിനീയര്‍ക്കും മേസ്തിരിക്കും ഒരേ ശമ്പളമാണോ നല്‍കാറുള്ളതെന്നും ജിയോ ബേബി ചോദിച്ചു. ഒരാളുടെ അറിവും എക്‌സ്പീരിയന്‍സും തുടങ്ങി നിരവധി കാര്യങ്ങള്‍ ശമ്പളം നിശ്ചയിക്കുന്നതില്‍ ബാധകമാകുന്നത് സിനിമയിലും അതുപോലെ തന്നെയാണെന്നും ജിയോ പറഞ്ഞു.
‘ഈ ചോദിക്കുന്നവര്‍ ആചാരസംരക്ഷത്തിന് വേണ്ടി റോഡിലിറങ്ങി ഓടിയവരോ കല്ലെറിഞ്ഞവരോ ആയിരിക്കും. പിന്നെ വേറൊരു സംഘം ഇറങ്ങിയിട്ടുണ്ട്. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍. ഇവരുടെ പരുപാടി എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും മാസം 10,000 രൂപ ശമ്പളം കൊടുക്കണമെന്നാണ്. ജില്ലാ കളക്ടര്‍ക്കും അവിടെ കാവല്‍ നിലനില്‍ക്കുന്ന ആള്‍ക്കും ഒരേ പെന്‍ഷന്‍ എന്നു പറയുന്നു.
നല്ല ഐഡിയോളജിയാ. സമത്വമൊക്കെയാണ്. ഇവരുടെ വീട്ടില്‍ ഇതൊക്കെ വര്‍ക്കൗട്ട് ആക്കുന്നുണ്ടോ? വീട് പണിയാന്‍ വരുന്ന എഞ്ചീനിയര്‍ക്കും മേസ്തിരിക്കും ഒരേ ശമ്പളമാണോ കൊടുക്കുന്നത്. ഒരാളുടെ അറിവും അനുഭവവും ഒക്കെ ശമ്പളത്തിന്റെ ഭാഗമല്ലേ. സിനിമയിലും അങ്ങനെ തന്നെ ആണ്.
പിന്നെ സുരാജിന് എത്ര കൊടുത്തു നിമിഷക്ക് എത്ര കൊടുത്തു എന്ന് പറയാന്‍ എനിക്ക് സൗകര്യമില്ല. എന്നോട് പേഴ്‌സണലായിട്ട് ഒരുപാട് പേര് ഇത് ചോദിക്കുന്നുണ്ട്. ഇതിന്റെ ഉത്തരം കിട്ടിയാല്‍ നാട്ടിലെ എല്ലാ പ്രശ്‌നവും തീരുമെന്നാണ് വിചാരം. അവര്‍ക്ക് കൊടുത്ത ശമ്പളത്തിന്റെ കാര്യം നിങ്ങളറിയേണ്ട. അത് ഞാനും സുരാജും നിമിഷയും കൂടി സംസാരിച്ചോളാം.’ ജിയോ പറഞ്ഞു.
മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിങ് സര്‍വീസായ നീ സ്ട്രീമിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്തത്. കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബോബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’.
സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്.
ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍ എന്നിവരാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക