ദൃശ്യത്തില്‍ ലാല്‍ സാര്‍ ചെയ്ത അതേ സീനാണ് ആ ഷോട്ടില്‍ കമല്‍ സാര്‍ ചെയ്തത്, എന്നെ കംഫേര്‍ട്ട് ചെയ്യിപ്പിക്കാനാണ് സാര്‍ അത് ചെയ്തത്: ജീത്തു ജോസഫ്
Entertainment news
ദൃശ്യത്തില്‍ ലാല്‍ സാര്‍ ചെയ്ത അതേ സീനാണ് ആ ഷോട്ടില്‍ കമല്‍ സാര്‍ ചെയ്തത്, എന്നെ കംഫേര്‍ട്ട് ചെയ്യിപ്പിക്കാനാണ് സാര്‍ അത് ചെയ്തത്: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th November 2022, 10:16 pm

50കോടി കളക്ഷന്‍ ലഭിച്ച ആദ്യ മലയാള ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. 2013ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഏറെ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രം പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു.

തമിഴില്‍ പാപനാസം എന്ന പേരില്‍ ഒരുക്കിയ ചിത്രത്തില്‍ കമല്‍ ഹാസന്‍ ആയിരുന്നു മോഹന്‍ലാലിന്റെ വേഷം ചെയ്തത്. ജീത്തു ജോസഫ് തന്നെ ആണ് ചിത്രം സംവിധാനം ചെയ്തത്.

പാപനാസത്തില്‍ കമല്‍ ഹാസന്റെ കൂടെ വര്‍ക്ക് ചെയ്ത അനുഭവം പറയുകയാണ് ജീത്തു. മൈല്‍സ്റ്റോണ്‍ മേക്കേസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസനേക്കുറിച്ച് ജീത്തു സംസാരിച്ചത്.

”കമല്‍ സാറിന്റെ കൂടെ പാപനാസം എടുത്തപ്പോള്‍ എനിക്ക് ഭയങ്കര കോഇന്‍സിഡന്‍സ് പോലെയാണ് ഫീല്‍ ചെയ്തത്. ദൃശ്യത്തില്‍ ലാല്‍ സാറിന്റ കൂടെ എന്ത് ഷോട്ടാണോ എടുത്തത് അത് തന്നെയാണ് കമല്‍ സാറിന്റെ കൂടെയും ചെയ്തത്.

ദൃശ്യത്തില്‍ വണ്ടിനോക്കുന്ന ഷോട്ടില്‍ നിന്നും വേറെ ഒന്നാണ് ഞങ്ങള്‍ കമല്‍ സാറുമായി പ്ലാന്‍ ചെയ്തത്. അദ്ദേഹം ലൂണയില്‍ ഡ്രൈവ് ചെയ്യുന്നതാണ് പ്ലാന്‍ ചെയ്തത്. സീക്വിന്‍സ് അത് തന്നയായിരുന്നു. പക്ഷേ റോഡിലെ സീന്‍ പോലെ അല്ലായിരുന്നു.

കറക്ട് ടൈം ലൂണ വണ്ടി സെറ്റില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് കമല്‍ സാര്‍ വരുകയും ചെയ്തു. ഷോട്ട് എടുത്തില്ലെങ്കില്‍ പ്രശ്‌നമാണ്. അദ്ദേഹം രാവിലെ 7മണിക്ക് ഷൂട്ടിന് വേണ്ടി എത്തിയിരുന്നു. പിന്നെ ഇവിടെ അല്ലെ ലൊക്കേഷന്‍ ഷോട്ട് എടുക്കാമെന്ന് ഞാന്‍ പറഞ്ഞു.

എടുത്ത് കഴിഞ്ഞപ്പോള്‍ അസോസിയേറ്റ് എന്നോട് ചോദിച്ചു ഇത് തന്നെ അല്ലെ നമ്മള്‍ ലാല്‍ സാറിനെ വെച്ച് ഷൂട്ട് ചെയ്തതെന്ന്. അപ്പോഴാണ് ഞാന്‍ അത് ഓര്‍ക്കുന്നത്. ദൃശ്യത്തിന് വേണ്ടി ലാല്‍ സാറിനെകൊണ്ട് ചെയ്യിച്ച അതേ ഷോട്ട് കമല്‍ സാറും ചെയ്തു.

ലാല്‍ സാര്‍ ദൃശ്യത്തില്‍ ഫുള്‍ ടൈം എന്റെ കൂടെ നടക്കുമായിരുന്നു. അതുപോലെ തന്നെയാണ് കമല്‍ സാറും. ഒരു മുണ്ടും ഷര്‍ട്ടുമിട്ട് കുഞ്ഞു മനുഷ്യന്‍ നടക്കുന്നത് പോലെ എന്റെ പുറകെ നടക്കുമായിരുന്നു.

എന്നിട്ട് പഴയ കാലത്തെ മലയാളം സിനിമ ചെയ്തതും ഐ.വി.ശശി സാറിന്റെ കൂടെ ഈറ്റ ചെയ്ത കഥയൊക്കെ പറഞ്ഞു. എന്നെ കംഫേട്ട് ചെയ്യാന്‍ വേണ്ടിയാണ് അദ്ദേഹം കൂടെ നടന്നത്,”ജീത്തു ജോസഫ് പറഞ്ഞു.

ആസിഫ് അലി നായകനായ കൂമനാണ് ജീത്തുവിന്റെ പുതിയ സിനിമ. ഒരു നാട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണത്തിന്റെ പിന്നാലെയാണ് ചിത്രത്തിന്റെ കഥ പോകുന്നത്. ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ കൂമന്‍ നവംബര്‍ നാലിനാണ് റിലീസ് ചെയ്യ്തത്.

content highlight: director jeethu joseph about kamal haasan