Advertisement
Malayalam Cinema
മണിച്ചിത്രത്താഴ് ഇന്നായിരുന്നു റിലീസ് ചെയ്യുന്നതെങ്കില്‍? ; ഫാസില്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 24, 08:00 am
Thursday, 24th December 2020, 1:30 pm

മണിചിത്രത്താഴ് സിനിമ വലിയ വിജയമാകുമെന്നും ചര്‍ച്ചയായി മാറുമെന്നും കരുതിയിരുന്നെങ്കിലും ഇത്രയും കാലം ആ സിനിമ അതീജീവിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സംവിധായകന്‍ ഫാസില്‍. കൈരളി വീ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സിനിമ അണ്‍യൂഷ്വലായിരിക്കുമെന്ന് അന്ന് തന്നെ കരുതിയിരുന്നു. ഏതാണ്ട് മൂന്നര വര്‍ഷം എടുത്താണ് സിനിമയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. ഈ സബ്ജക്റ്റ് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്തം ഉണ്ടായിരുന്നതുകൊണ്ട് തന്നെ വളരെ മെനക്കെട്ട്, വളരെ സൂക്ഷ്മമായാണ് ഓരോ കാര്യങ്ങളും ചെയ്തത്. അത്രയും വര്‍ക്ക് സ്‌ക്രിപ്റ്റില്‍ ചെയ്തപ്പോള്‍ ഷൂട്ടിന് വന്നപ്പോള്‍ സിനിമ വര്‍ക്ക് ഔട്ട് ആകുമെന്ന കാര്യത്തില്‍ നല്ല കോണ്‍ഫിഡന്‍സായിരുന്നു, എന്നാല്‍ സത്യം പറയാമല്ലോ പടം ടോക്ക് ആകുമെന്ന് കരുതിയിരുന്നെങ്കിലും ഇത്രയും കാലം അതിജീവിക്കുമെന്ന് കരുതിയിരുന്നില്ല’, ഫാസില്‍ പറഞ്ഞു.

മണിച്ചിത്രത്താഴ് ഇന്നത്തെ തലമുറപോലും സ്വീകരിക്കുന്നല്ലോ എന്ന ചോദ്യത്തിന് ന്യൂജനറേഷന്‍ എന്നത് ടെക്‌നിക്കല്‍ ആസ്‌പെക്ടില്‍ മാത്രമാണെന്നും സാങ്കേതികത്വത്തില്‍ അതിനെ കണ്ടാല്‍ മതിയെന്നുമായിരുന്നു ഫാസില്‍ പറഞ്ഞത്.

നമുക്ക് ഭക്ഷണത്തിന്റെ കാര്യമെടുക്കാം ഇഡ്ഡലിയാണെങ്കിലും ദോശയാണെങ്കിലും ഉപ്പുവാണെങ്കിലും അതില്‍ ന്യൂജനറേഷന്‍ ഇല്ലല്ലോ. അതുപോലെ അന്നത്തെ കാലത്ത് ഈ സിനിമ എടുത്തപ്പോള്‍ അതൊരു ദോശയോ ഇഡ്ഡലിയോ ഉപ്പുമാവോ ആയിരുന്നു. അതുകൊണ്ടാണ് ഇപ്പോഴും അത് രുചിച്ചുകൊണ്ടിരിക്കുന്നത്.

അന്നത്തെ കാലത്ത് ഗ്രാഫിക്‌സ് ഒന്നും വലുതായിട്ട് ഡവലപ് ചെയ്തിട്ടില്ല. ഗ്രാഫിക്‌സ് ആവശ്യമുള്ള സിനിമയായിരുന്നു മണിചിത്രത്താഴ്. എന്നാല്‍ അതിനാവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ട് ആവാഹന സീനൊക്കെ വളരെ ഭംഗിയായിട്ട് തന്നെ ചെയ്യാന്‍ പറ്റി.

ഇന്നൊക്കെയാണെങ്കില്‍ അത് ഗ്രാഫിക്‌സിന്റെ ധാരാളിത്തമായിരുന്നേനെ. അന്ന് നമ്മള്‍ റിയലിസ്റ്റിക്കായി ചെയ്തതുകൊണ്ട് ആ റിയലിസത്തിന്റെ പുതുമ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതാണ് തലമുറകള്‍ കഴിഞ്ഞിട്ടും സിനിമ സ്വീകരിക്കുന്നത്’, ഫാസില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Fazil About Manichithrathazhu Movie