ആദ്യദിവസം കഴിഞ്ഞാല്‍ തിയേറ്ററില്‍ നിന്ന് പോകുമെന്ന് കരുതി, ഗില്ലി വീണ്ടും ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി: സംവിധായകന്‍ ധരണി
Entertainment
ആദ്യദിവസം കഴിഞ്ഞാല്‍ തിയേറ്ററില്‍ നിന്ന് പോകുമെന്ന് കരുതി, ഗില്ലി വീണ്ടും ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി: സംവിധായകന്‍ ധരണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th April 2024, 11:00 pm

വരണ്ടുകിടക്കുന്ന തമിഴ്‌നാട് തിയേറ്ററുകളെ ഇളക്കിമറിക്കുകയാണ് 20 വര്‍ഷത്തിന് ശേഷം റീറിലീസ് ചെയ്ത ഗില്ലി. 2004ല്‍ റിലീസായി തമിഴിലെ ആദ്യ 50കോടി ചിത്രം എന്ന നേട്ടം നേടി ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. വിജയ്ക്ക് മാസ് ഹീറോ പരിവേഷം നല്‍കിയതില്‍ ഗില്ലി വഹിച്ച പങ്ക് ചെറുതല്ല. ചിത്രത്തിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് റീമാസ്റ്റര്‍ ചെയ്ത വേര്‍ഷന്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയത്.

ലോകത്താകമാനമായി റീ റിലീസ് ചെയ്ത ഗില്ലി, കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിയുകയാണ്. ആദ്യദിനം 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ഗില്ലി, ഒരു റീ റിലീസ് ചിത്രം നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷന്‍ എന്ന റെക്കോഡും സ്വന്തമാക്കി. റിലീസായി 20 വര്‍ഷം കഴിഞ്ഞിട്ടും സിനിമയിലെ ഓരോ സീനും ഡയലോഗും ആരാധകര്‍ ആഘോഷിക്കുകയാണ്.

എന്നാല്‍ റീ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചപ്പോള്‍ ഒരു ദിവസം മാത്രമേ തിയേറ്ററുകളില്‍ ഈ സിനിമ ഉണ്ടാകുള്ളൂവെന്നും ഇത്രയും വലിയ റെസ്‌പോണ്‍സ് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും സംവിധായകന്‍ ധരണി പറഞ്ഞു. ഗലാട്ട എക്‌സ്‌ക്ലൂസീവിന് നല്‍കിയ അഭിമുഖത്തിലാണ് ധരണി ഇക്കാര്യം പറഞ്ഞത്. ഗില്ലിയെ വീണ്ടും ആഘോഷമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറയാനും സംവിധായകന്‍ മറന്നില്ല.

‘റീ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചപ്പോള്‍ വെറും ഒറ്റ ദിവസം മാത്രമേ തിയേറ്ററുകളില്‍ ഗില്ലി ഉണ്ടാകുള്ളൂ എന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ എന്റെ പ്രതീക്ഷകള്‍ മൊത്തം ഓഡിയന്‍സ് മാറ്റിമറിച്ചു. രണ്ടാമത്തെ ദിവസം തിയേറ്ററില്‍ പോയപ്പോള്‍ എല്ലായിടത്തും ഹൗസ്ഫുളായിരുന്നു. ഞാന്‍ ഞെട്ടിപ്പോയി അത് കണ്ടിട്ട്.

ഓരോ സീനും അവര്‍ ആദ്യം കാണുന്ന പോലെയാണ് ആസ്വദിക്കുന്നത്. ഈ സിനിമ ഇത്രയും കാലം കഴിഞ്ഞും നിലനില്‍ക്കുന്നത് ഈ ആരാധകര്‍ കാരണമാണ്. അവരില്ലെങ്കില്‍ ഇത്ര വലിയ വിജയം ഇല്ല. ഈ സിനിമയെ വീണ്ടും ഏറ്റെടുത്തതില്‍ ആരാധകര്‍ക്ക് നന്ദി,’ ധരണി പറഞ്ഞു.

Content Highlight: Director Dharani saying thanks to the audience after Ghilli re release