മഞ്ഞുമ്മല്‍ ബോയ്സിന് ജാന്‍-എ-മനും രോമാഞ്ചവും പോലുള്ള ഫോര്‍മാറ്റല്ല: സംവിധായകന്‍
Film News
മഞ്ഞുമ്മല്‍ ബോയ്സിന് ജാന്‍-എ-മനും രോമാഞ്ചവും പോലുള്ള ഫോര്‍മാറ്റല്ല: സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th February 2024, 8:02 am

മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ദീപക് പറമ്പോല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

ഒരുപാട് യുവതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സംവിധായകന്‍ ചിദംബരം.

സിനിമ ഏത് ഴോണറാണെങ്കിലും ആസ്വദിക്കാന്‍ പറ്റുന്നതാകണം എന്നാണ് തനിക്ക് ആഗ്രഹമെന്നും വാണിജ്യാടിസ്ഥാനത്തിലുള്ള സിനിമയായത് കൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ് ആസ്വാദ്യകരമായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തന്റെ മുന്‍ ചിത്രമായ ജാന്‍-എ-മന്‍ പോലെയോ രോമാഞ്ചം സിനിമ പോലെയോയുള്ള ഒരു ഫോര്‍മാറ്റിലുള്ളതല്ല ഈ സിനിമയെന്നും അതില്‍ നിന്നൊക്കെ വ്യത്യസ്ഥമായ ഒന്നാകുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. രോമാഞ്ചം, ജാന്‍-എ-മന്‍ എന്നീ സിനിമകള്‍ പോലെ എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന ഒന്നാകുമോ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘പടം ഏത് ഴോണര്‍ ആണെങ്കിലും എന്‍ജോയബിള്‍ ആയിരിക്കണം എന്നാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള സിനിമയായത് കൊണ്ട് തീര്‍ച്ചയായും അത് എന്‍ജോയബിള്‍ ആയിരിക്കും.

എന്‍ഗേജിങ്ങായ വാച്ചിങ് തന്നെയാകും. എന്നാല്‍ ജാന്‍-എ-മനും രോമാഞ്ചവും പോലെയുള്ള ഒരു ഫോര്‍മാറ്റില്‍ ഉള്ളതല്ല. അതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്ഥമായ ഒരു പടമാകും ഇത്,’ ചിദംബരം പറയുന്നു.

പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തുന്നത്.


Content Highlight: Director Chidambaram Talks About  Manjummel Boys Movie