മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് സ്ഫടികം. 1995ല്‍ റിലീസായ ചിത്രം സംവിധാനം ചെയ്തത് ഭദ്രനാണ്. മോഹന്‍ലാല്‍ ഗംഭീരമാക്കിയ ആടുതോമ എന്ന കഥാപാത്രം ഈ സിനിമയിലാണ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഫടികം 4കെ മികവില്‍ റീമാസ്റ്റര്‍ ചെയ്ത വേര്‍ഷന്‍ 2023ൽ തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നു.
മലയാളത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തില്‍ ഒരു റീ റിലീസ്. തിലകൻ, ഉർവശി, കെ.പി.എ.സി. ലളിത തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉണ്ട്.
ചിത്രത്തിലെ മുണ്ടുപറിച്ചടിയും അപ്പൻ്റെ കുപ്പായകൈ വെട്ടുന്ന സീനും ഒഴിവാക്കണമെന്ന് നിർമാതാവായ സെവൻ ആർട്‌സ് വിജയകുമാർ തന്നോട് പറഞ്ഞിരുവെന്നും എന്നാൽ താൻ അതിന് തയ്യാറല്ലായിരുന്നുവെന്നും ഭദ്രൻ പറയുന്നു. ഷോഗൺ മോഹനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹം സിനിമ ചെയ്യാൻ തയ്യാറായെന്നും തുണി പറിച്ചടിച്ചാൽ ജനം കൂവുമെന്നും മുട്ടനാടിൻ്റെ ചങ്കിലെ ചോര കുടിക്കുന്നതൊന്നും ജനം സഹിക്കില്ലെന്നും മോഹൻലാലിനോട് പലരും പറഞ്ഞിരുന്നുവെന്നും ഭദ്രൻ കൂട്ടിച്ചേർത്തു.
‘സെവൻ ആർട്‌സ് വിജയകുമാറിന് വേണ്ടിയാണ് ഇതിൻ്റെ സ്ക്രിപ്റ്റ് എഴുതിത്തുടങ്ങിയത്. എന്നാൽ ചിത്രത്തിലെ മുണ്ടുപറിച്ചടിയും അപ്പൻ്റെ കുപ്പായകൈ വെട്ടുന്ന സീനും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അത്തരമൊരു കോംപ്രമൈസിന് എൻ്റെ മനസ് തയ്യാറായിരുന്നില്ല. രണ്ടുവർഷമെടുത്ത് കൂട്ടിയും കുറച്ചും പെരുക്കിയെടുത്ത സ്ക്രിപ്റ്റിൽ അത്രയ്ക്ക് വിശ്വാസം വന്നിരുന്നു.
കാര്യം ഷോഗൺ മോഹനോട് പറഞ്ഞപ്പോൾ ഈ പടം ഞാൻ ചെയ്യാം, ഈ കഥയിൽ എനിക്ക് വിശ്വാസമുണ്ടെന്നായിരുന്നു മറുപടി. ഉറപ്പാണോ എന്നുചോദിച്ചപ്പോൾ ഇതാ ഫോണിലൂടെ അഡ്വാൻസ് തന്നിരിക്കുന്നു എന്നും പറഞ്ഞു. തുണി പറിച്ചടിച്ചാൽ ജനം കൂവുമെന്നും മുട്ടനാടിൻ്റെ ചങ്കിലെ ചോര കുടിക്കുന്നതൊന്നും ജനം സഹിക്കില്ലെന്നും മോഹൻലാലിനോടും പലരും പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹവും എന്നോടൊപ്പം നിന്നു.
ചിത്രം റിലീസായപ്പോൾ സെവൻ ആർട്‌സ് വിജയകുമാർ ആദ്യം പറഞ്ഞത് ഈ ചിത്രത്തിലെ പഞ്ചുള്ള ഒരു ആക്ഷനാണ് തുണിപറിച്ചടി എന്നാണ്. വിജയശാന്തിയെ വെച്ച് അടുത്ത പടം ചെയ്യാനുള്ള ഓഫറും നൽകിയാണ് അദ്ദേഹം പിരിഞ്ഞത്. മോഹൻ്റെ കാശിൻ്റെ മിടുക്കും മോഹൻലാലിന്റെ ഗംഭീരപ്രകടനവും കൊണ്ട് മാത്രമല്ല, ശക്തമായൊരു തിരക്കഥകൊണ്ടുകൂടിയാണീ ചിത്രം വിജയിച്ചതെന്ന് സ്‌ഫടികത്തിൻ്റെ വിജയാഘോഷവേളയിൽ ഗുരുവായ ഹരിഹരൻ സാറും പ്രസംഗിച്ചു. ഇതെല്ലാം ഞാനീ ഈ ചിത്രത്തിൻ്റെ വിജയത്തോടൊപ്പം ചേർത്തുവെക്കുന്ന സുഖമുള്ള ഓർമകളാണ്,’ഭദ്രൻ പറയുന്നു.
Content Highlight: Director Badran About Spadikam Movie