Entertainment
അസിസ്റ്റന്റ് ഡയറക്ടര്‍ ഒട്ടും ബഹുമാനമുള്ള ജോലിയല്ല; ഒറ്റ സിനിമയോടെ ഞാന്‍ ആ പണി നിര്‍ത്തി: സംവിധായകന്‍ എം.സി ജിതിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 18, 03:00 pm
Tuesday, 18th February 2025, 8:30 pm

2018ല്‍ പുറത്തിറങ്ങിയ നോണ്‍സെന്‍സ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാ ജീവിതം ആരംഭിച്ചയാളാണ് എം. സി ജിതിന്‍. ആദ്യ സിനിമ കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു സൂക്ഷമദര്‍ശിനി. ബേസില്‍ ജോസഫും നസ്രിയയും കേന്ദ്ര കഥാപാത്രങ്ങളായ ഈ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.

അസിസ്റ്റന്റ് ഡയറക്ടറായാണ് താന്‍ കരിയര്‍ ആരംഭിച്ചതെന്ന് എം. സി ജിതിന്‍ പറയുന്നു. എന്നാല്‍ ഒരു സിനിമാ മാത്രമേ താന്‍ അസിസ്റ്റ് ചെയ്തിട്ടുള്ളുവെന്നും ഒട്ടും റെസ്‌പെക്റ്റഡും പെയ്ഡുമല്ല ആ ജോലിയെന്നും അദ്ദേഹം പറഞ്ഞു. ‘ക’ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു എം. സി ജിതിന്‍.

‘അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാന്‍ തുടങ്ങുന്നത്. ഒരു സിനിമ മാത്രമാണ് ഞാന്‍ അസിസ്റ്റ് ചെയ്തിട്ടുള്ളു. ആ പണി ഞാന്‍ നിര്‍ത്താനുള്ള കാരണം, അതൊട്ടും പെയ്ഡ് അല്ല എന്നതുകൊണ്ടാണ്. ഒട്ടും റെസ്‌പെക്റ്റഡല്ല ആ ജോലി. അതുകൊണ്ടുതന്നെ ഞാന്‍ അത് നിര്‍ത്താന്‍ തീരുമാനിച്ചു.

സിനിമയില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്താല്‍ പോലും എനിക്ക് സര്‍വൈവ് ചെയ്യണമെങ്കില്‍ മറ്റുള്ള ജോലികള്‍ ചെയ്യേണ്ട അവസ്ഥ വന്നു, ടു ഫീഡ് മി, അല്ലെങ്കില്‍ എനിക്ക് എന്നെ നോക്കാന്‍ വേറെ പണിക്ക് കൂടി പോകേണ്ടതായി വന്നു. അത് മാറണമെന്ന് എനിക്കുണ്ട്. ഞാന്‍ എപ്പോഴും എല്ലാവരോടും അത് പറയാറുണ്ട്.

അതും ഒരു ജോലിയാണ്. ഹിന്ദിയിലോ മറ്റ് ഭാഷയിലോ പോയിക്കഴിഞ്ഞാല്‍ അവര്‍ക്കും ബാറ്റ ഉണ്ട്. മറ്റ് ആളുകളെ പോലെത്തന്നെ അസിസ്റ്റ് ഡയറക്‌റ്റേഴ്‌സിനും കൃത്യമായ പ്രതിഫലമുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് അടുത്ത സിനിമവരെയുള്ള ചെലവിനുള്ള പണമുണ്ട്.

ഒന്നില്ലെങ്കില്‍ ഇന്‍ഡിപെന്‍ഡന്റ് ആകുക അല്ലെങ്കില്‍ വേറെ പണിക്ക് പോകുക എന്നുള്ളതുകൊണ്ടാണ് ഞാന്‍ ആ പണി നിര്‍ത്തിയത്. ഇങ്ങനെ നില്‍ക്കേണ്ട കാര്യമില്ല എന്നെനിക്ക് തന്നെ എന്നോട് തോന്നി,’ എം.സി ജിതിന്‍ പറയുന്നു.

Content highlight: Directed M. C Jithin says Assistant director is not a respectable job at all