മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളായ കലൂര്‍ ഡെന്നീസിന്റെ മകനാണ് ഡിനു ഡെന്നീസ്. എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് ഡിനു സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ഒറ്റനാണയം എന്ന ചിത്രത്തിലും ഡിനു നായകനായി വേഷമിട്ടു. സഹോദരനായ ഡിനോ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ബസൂക്കയില്‍ ഡിനുവും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
അച്ഛനെക്കുറിച്ചും അദ്ദേഹം ചെയ്തതില്‍ ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് ഡിനു ഡെന്നീസ്. പൈതൃകവും കുടുംബസമേതവുമാണ് അച്ഛന്‍ എഴുതിയതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളെന്ന് ഡിനു ഡെന്നീസ് പറഞ്ഞു. അതുവരെ എഴുതിയതില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന കഥകളാണ് ഇത് രണ്ടുമെന്നും വ്യത്യസ്തമായ കഥകളാണ് രണ്ട് സിനിമയെന്നും ഡിനു കൂട്ടിച്ചേര്‍ത്തു.
അച്ഛനില്‍ നിന്ന് അധികം ആരും പ്രതീക്ഷിക്കാത്ത സിനിമകളായിരുന്നു പൈതൃകവും കുടുംബസമേതവുമെന്നും ഡിനു ഡെന്നീസ് പറഞ്ഞു. അതിന് മുമ്പ് ചെയ്ത സിനിമകളെല്ലാം ഒരേ തരത്തിലുള്ളതായിരുന്നെന്നും ഡിനു കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി-പെട്ടി- കുട്ടി എന്ന ഫോര്‍മുല മലയാളത്തില്‍ സ്ഥിരമാക്കിയത് തന്റെ അച്ഛനായിരുന്നെന്നും ഡിനു ഡെന്നീസ് പറഞ്ഞു.
എല്ലാ സിനിമയിലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ കൈയില്‍ ഒരു പെട്ടിയും മകളായി ശാലിനിയും എന്ന ഫോര്‍മുലയായിരുന്നു അച്ഛന്‍ പിന്തുടര്‍ന്നതെന്നും ഡിനു ഡെന്നീസ് കൂട്ടിച്ചേര്‍ത്തു. ആ സിനിമകളില്‍ നിന്ന് ഒരുപാട് മാറ്റമുള്ള കഥകളായിരുന്നു പൈതൃകത്തിന്റേതും കുടുംബസമേതത്തിന്റേതെന്നും ഡിനു പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ഡിനു ഡെന്നീസ്.
‘അച്ഛന്‍ ചെയ്ത പടങ്ങളില്‍ എന്റെ ഫേവറെറ്റ് കുടുംബസമേതവും പൈതൃകവുമാണ്. കാരണം, അതുവരെ അച്ഛന്‍ ചെയ്ത പടങ്ങളെല്ലാം ഏതാണ്ട് ഒരേ പാറ്റേണിലുള്ള പടങ്ങളായിരുന്നു. ഒരുകാലത്ത് മലയാളത്തില്‍ ഉണ്ടായിരുന്ന ഫോര്‍മുലയായിരുന്നല്ലോ മമ്മൂട്ടി- പെട്ടി- കുട്ടി. അച്ഛന് ആ ഫോര്‍മുലയില്‍ ചെറുതല്ലാത്ത പങ്കുണ്ട്.
എല്ലാ പടത്തിലും മമ്മൂക്കയുടെ കൈയില്‍ ഒരു പെട്ടിയുണ്ടാകും. ബിസിനസ് മാനായിട്ടുള്ള ക്യാരക്ടറാണ് പുള്ളിയുടേത്. മകളായിട്ട് ബേബി ശാലിനിയും. അതേ ഫോര്‍മാറ്റില്‍ തന്നെയാണ് പല സ്‌ക്രിപ്റ്റുകളും എഴുതിയത്. എന്നാല്‍ പൈതൃകം അങ്ങനെയായിരുന്നില്ല. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് അച്ഛന്‍ അത് ചെയ്തത്,’ ഡിനു ഡെന്നീസ് പറഞ്ഞു.
Content Highlight: Dinu Dennis about his favorite scripts written by his father Kaloor Dennis