'ക്ലൈമാക്‌സ് ഷൂട്ടിനിടക്ക് സില്‍ക്ക് സ്മിതയുടെ മരണ വാര്‍ത്ത കേട്ട് സുരേഷ് ഗോപി അപ്‌സെറ്റായി, 1000 പേരെ വെച്ചുള്ള ഷൂട്ട് പാക്കപ്പ് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു'
ഷാജൂണ്‍ കരിയാലിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി 1996ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രജപുത്രന്‍. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിനിടയില്‍ സില്‍ക്ക് സ്മിത മരിച്ചതറിഞ്ഞ് സുരേഷ് ഗോപി അസ്വസ്ഥനായ സംഭവത്തെ പറ്റി പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ ദിനേഷ് പണിക്കര്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പഴയ ചിത്രത്തിന്റെ അനുഭവം പങ്കുവെച്ചത്.
‘രജപുത്രന്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് മുരളിയുടെ പ്രസംഗിക്കുന്ന രംഗമാണ്. അപ്പോള്‍ വേദിയിലെ പ്രൊജക്ഷനില്‍ മുരളിയുടെ കഥാപാത്രത്തിന്റെ വൃത്തികേടുകള്‍ സുരേഷ് ഗോപി കാണിക്കുന്നതാണ് സീന്‍. ഈ സീന്‍ എടുക്കാനായി സെനറ്റ് ഹാളില്‍ ആയിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഞങ്ങള്‍ അറേഞ്ച് ചെയ്തു. ഫുള്‍ നൈറ്റ് ഷൂട്ട് ചെയ്യേണ്ട സീനാണ്.
അങ്ങനെ എടുക്കാന്‍ നിക്കുമ്പോഴാണ് ഒരു സാഡ് ന്യൂസ് ഞങ്ങള്‍ക്ക് കിട്ടുന്നത്. എല്ലാവരും ഇഷ്ട്‌പ്പെട്ടിരുന്ന സില്‍ക്ക് സ്മിത അന്ന് അന്തരിച്ചു. ആ സമയം സുരേഷ് ഗോപി മേക്കപ്പ് ചെയ്ത് ലൊക്കേഷനില്‍ എത്തിയതേ ഉള്ളൂ. അപ്പോഴാണ് സുരേഷ് ഗോപി ഇത് അറിയുന്നത്. അദ്ദേഹം ഭയങ്കര അപ്‌സെറ്റായി.
സുരേഷ് ഗോപിയുടെ തുടക്കകാലത്തെ ഒരു ചിത്രത്തില്‍ നായിക സില്‍ക്ക് സ്മിതയായിരുന്നു. മാത്രമല്ല വേറെ കുറച്ച് സിനിമകളിലും അവര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ ഒരു അടുപ്പത്തിന്റെ പേരില്‍ സുരേഷ് ഗോപി വളരെ അസ്വസ്ഥനായി.
ദിനേശേ, ഇന്ന് ഷൂട്ടിങ് വേണ്ടെന്ന് വെക്കാം, പാക്കപ്പ് പറയാം, മദ്രാസില്‍ അവരുടെ ബോഡി എടുക്കുന്ന സമയത്ത് ഇവിടെ ഷൂട്ടിങ് ചെയ്യുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് പറയുന്നതിനെ മാനിച്ച്, 1000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള ഭക്ഷണവും പൈസയും അന്നത്തെ ഹാള്‍ വാടകയും കൊടുത്ത് കഷ്ടപ്പെട്ട് അന്നത്തെ ഷൂട്ട് കാന്‍സല്‍ ചെയ്തു.
അടുത്ത ദിവസം ഭാഗ്യത്തിന് ആ ഹാള്‍ ഉണ്ടായിരുന്നത് കൊണ്ട് ഇതേ ആയിരം പേരെ വരുത്തി ആ സീന്‍ ഞങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്തു,’ ദിനേശ് പറഞ്ഞു.
Content Highlight: Dinesh Panicker talks about the incident where Suresh Gopi was upset after knowing that Silk Smitha died during the climax shoot of the film rajaputhren