ഓസ്ട്രേലിയക്കെതിരെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന ബൗളറാണ് അവന്‍: ദിനേശ് കാര്‍ത്തിക്
Sports News
ഓസ്ട്രേലിയക്കെതിരെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന ബൗളറാണ് അവന്‍: ദിനേശ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th September 2024, 10:21 pm

2023ലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇനി ഇന്ത്യയും ഓസ്ട്രേലിയയും റെഡ് ബോളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ്. പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക.

രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും.

പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ ഇന്ത്യന്‍ യുവ താരം ഹര്‍ഷിദ് റാണ ഒരു മുതല്‍ കൂട്ടാകുമെന്ന് പറയുകയാണ് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്ക്. താരത്തിന്റെ ബൗളിങ് കഴിവുകള്‍ ഉറപ്പായും ഇന്ത്യയ്ക്ക് സഹായകരമാകുമെന്നും കാര്‍ത്തിക് വിശ്വസിക്കുന്നു.

‘ഹര്‍ഷിത് റാണയ്ക്ക് പ്രത്യേകം കഴിവുകളുണ്ട്. പന്തിനെ നന്നായി ബാക്ക്സ്പിന്‍ ചെയ്യാന്‍ അവന് സാധിക്കും. നല്ല കഴിവുകളുള്ള ഫാസ്റ്റ് ബൗളറാണ് ഹര്‍ഷിത്. ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിത് ഉണ്ടായിരിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. ഓസ്ട്രേലിയക്കെതിരെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവന് കഴിയുമെന്ന് എനിക്ക് തോന്നുന്നു,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

അതേസമയം കഴിഞ്ഞ രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയലും ഇന്ത്യ ഓസീസിന്റെ തട്ടകത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു. മാത്രമല്ല നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഇന്ത്യ വിജയിക്കുമെന്നും ഹാട്രിക് വിജയം സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ട്. നിലവില്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്.

 

Content Highlight: Dinesh Kartik Talking About Harshit Rana