ഇന്ത്യൻ ടീമിൽ അശ്വിൻ്റെ പകരക്കാരനാവാൻ അവന് സാധിക്കും: ദിനേശ് കാർത്തിക്
Cricket
ഇന്ത്യൻ ടീമിൽ അശ്വിൻ്റെ പകരക്കാരനാവാൻ അവന് സാധിക്കും: ദിനേശ് കാർത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th August 2024, 11:33 am

ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി മികച്ച സംഭാവനകള്‍ ചെയ്ത താരമാണ് ആര്‍.അശ്വിന്‍. അശ്വിന്‍ ഇപ്പോള്‍ തന്റെ കരിയറിലെ അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ അശ്വിന് പകരക്കാരാവാന്‍ സാധിക്കുന്ന ബൗളറുടെ പേര് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്.

അശ്വിന്റെ പകരക്കാരനായി വാഷിങ്ടണ്‍ സുന്ദറിന്റെ പേരാണ് ഡി. കെ പറഞ്ഞത്. ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ദിനേശ് ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യ തീര്‍ച്ചയായും ഇപ്പോള്‍ അടുത്ത തലമുറക്കായുള്ള ഒരു ഓഫ് സ്പിന്നറെ തിരയുകയാണ്. ഇംഗ്ലണ്ട് ലൈന്‍സിനെതിരായ പരമ്പരയില്‍ ഇന്ത്യ എ ടീമില്‍ മൂന്ന് സ്പിന്നര്‍മാരെ എന്റെ പരീക്ഷിച്ചു. പുല്‍കിത് നാരംഗ്, വാഷിങ്ടണ്‍ സുന്ദര്‍, സരന്‍സ് ജെയിന്‍ എന്നീ താരങ്ങളെയാണ് ഇന്ത്യ പരീക്ഷിച്ചത്.

നിലവില്‍ വാഷിങ്ടണ്‍ സുന്ദറാണ് അശ്വിന് പകരക്കാരനാവന്‍ സാധിക്കുന്ന താരം. അവനു ലഭിച്ച പരിമിതമായ അവസരങ്ങള്‍ പോലും അവന്‍ നന്നായി വിനിയോഗിച്ചു. മറ്റു താരങ്ങളെ തെരഞ്ഞെടുക്കാന്‍ പോകുന്നതിനു മുമ്പ് തന്നെ സുന്ദറിന് ആദ്യം മുന്‍ഗണന ലഭിക്കുമെന്ന് എനിക്ക് തോന്നുന്നു,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യയ്ക്കായി 2017ല്‍ അരങ്ങേറ്റം കുറിച്ച വാഷിങ്ടണ്‍ സുന്ദര്‍ 22 ഏകദിന മത്സരങ്ങളില്‍ നിന്നും വിക്കറ്റുകളാണ് സുന്ദര്‍ നേടിയത്. ബാറ്റിങ്ങില്‍ ഒരു അര്‍ധസെഞ്ച്വറി അടക്കം 315 റണ്‍സും താരം നേടി. ടി-20യില്‍ 49 മത്സരങ്ങളില്‍ നിന്നും 44 വിക്കറ്റുകളും താരം നേടി. കുട്ടി ക്രിക്കറ്റില്‍ ഒരു ഫിഫ്റ്റിയും സുന്ദറിന്റെ അക്കൗണ്ടിലുണ്ട്.

2021ലാണ് സുന്ദര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ആദ്യമായി കളിക്കുന്നത്. റെഡ് ഫോര്‍മാറ്റില്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. ഇതില്‍ ആറ് വിക്കറ്റും മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

അതേസമയം അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പര 2-0ത്തിനായിരുന്നു ശ്രീലങ്ക സ്വന്തമാക്കിയത്.

ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19നാണ് പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ പരമ്പര തുടങ്ങാന്‍ ഒരുപാട് ദിവസങ്ങള്‍ മുന്നിലുള്ളതിനാല്‍ ഇതിനു മുന്നോടിയായി പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫി ടൂര്‍ണമെന്റ് കളിക്കും.

 

Content Highlight: Dinesh Karthik Talks About The Replacement Player of R. Ashwin