ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. വെറ്ററന്‍ സൂപ്പര്‍ താരം ശിഖര്‍ ധവാനാണ് ഇന്ത്യയുടെ നായകന്‍. വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരേയും തെരഞ്ഞെടുത്തു.
ടി-20 ലോകകപ്പ് വരുന്നതിനാല്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരടക്കമുള്ള താരങ്ങള്‍ക്ക് ഏകദിന പരമ്പരയില്‍ നിന്നും വിശ്രമം അനുവദിച്ചിരുന്നു.
ധവാനൊപ്പം ശുഭ്മന്‍ ഗില്ലാവും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ സാധ്യത. സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, ദീപക് ചഹര്‍ എന്നിവരുള്‍പ്പെടുന്ന പേസ് നിരയും കുല്‍ദീപ് യാദവും രവി ബിഷ്ണോയിയും അടങ്ങുന്ന സ്പിന്‍ നിരയും ബൗളിങ് ഡിപ്പാര്‍ട്മെന്റിന് കരുത്താകും. യുവതാരങ്ങളായ രജത് പാടിദാറിനും മുകേഷ് കുമാറിനും ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തിയ പരമ്പര കൂടിയാണിത്.
ഈ ടീമിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് ബാറ്റര്‍ ദിനേഷ് കാര്‍ത്തിക് ഇപ്പോള്‍. രജത് പാടിദാറിനും മുകേഷ് കുമാറിനും അവസരം നല്‍കിയതിലെ സന്തോഷം പങ്കുവെച്ച ദിനേഷ് കാര്‍ത്തിക്, ആഭ്യന്തര ക്രിക്കറ്റിലെ ചില മികച്ച താരങ്ങളെ കൂടി ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു എന്ന് പറഞ്ഞു.
‘രജത് പാടിദാറിനെ അവിടെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. അവന് അര്‍ഹിച്ച അംഗീകാരമാണിത്. മുകേഷ് കുമാറിനും അഭിനന്ദനങ്ങള്‍. ഇനി സര്‍ഫറാസ് ഖാനും ഇന്ദ്രജിത് ബാബയും കൂടി എത്തേണ്ടതുണ്ട്.
So happy to see Rajat patidar there , so deserves this selection ❤️
Well done to Mukesh Kumar too 👍
Now Sarfaraz Khan and Indrajith baba into the test scheme of things . Can’t ignore such brilliant performers and performances.Theyve just been phenomenal
ഇത്രയും കഴിവുള്ളവരെയും അവരുടെ ഗംഭീരമായ പ്രകടനങ്ങളെയും കണ്ടില്ലെന്ന് നടിച്ചു കൂടാ. അവര്‍ രണ്ട് പേരും പ്രതിഭാസങ്ങളാണ്,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു. കഴിവുള്ളവര്‍ക്ക് ഇവിടെ ഒരു പഞ്ഞവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ടീം സെലക്ഷനെതിരെ നേരത്തെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സഞ്ജുവിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാത്തതിനെ ചൊല്ലിയാണ് വിമര്‍ശനങ്ങളുയര്‍ന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാന്റെ ഡെപ്യൂട്ടിയായി സഞ്ജു സാംസണ്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ എ ടീമിന്റെ നായക സ്ഥാനമേല്‍പിച്ചതും, താരം ആ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ചതും ആ റിപ്പോര്‍ട്ടുകളെ വിശ്വസനീയമാക്കി. എന്നാല്‍ ആ റിപ്പോര്‍ട്ടുകളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് സഞ്ജുവിന് പകരം അയ്യരെ വൈസ് ക്യാപ്റ്റനാക്കിയത്.
ഒക്ടോബര്‍ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ഏകദിനം ഒക്ടോബര്‍ ഒമ്പതിന് റാഞ്ചിയിലും മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഒക്ടോബര്‍ 11ന് ദല്‍ഹിയിലും വെച്ച് നടക്കും.