തകര്‍പ്പന്‍ ജോയിന്റ് റെക്കോഡ് വിരാട് ഒറ്റയ്ക്ക് തൂക്കിയപ്പോള്‍ നാണംകെട്ട ജോയിന്റ് റെക്കോഡ് ഒറ്റയ്ക്ക് തൂക്കി ഡി.കെ; ഇയാള്‍ക്കിത് എങ്ങനെ സാധിക്കുന്നു
IPL
തകര്‍പ്പന്‍ ജോയിന്റ് റെക്കോഡ് വിരാട് ഒറ്റയ്ക്ക് തൂക്കിയപ്പോള്‍ നാണംകെട്ട ജോയിന്റ് റെക്കോഡ് ഒറ്റയ്ക്ക് തൂക്കി ഡി.കെ; ഇയാള്‍ക്കിത് എങ്ങനെ സാധിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd May 2023, 11:33 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ പല നേട്ടങ്ങളും പിറന്നിരുന്നു. വിരാട് കോഹ്‌ലിയുടെ ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറിയും ദിനേഷ് കാര്‍ത്തിക്കിന്റെ ഗോള്‍ഡന്‍ ഡക്കും ഇക്കൂട്ടത്തില്‍പ്പെടും.

കഴിഞ്ഞ ദിവസത്തെ സെഞ്ച്വറി നേട്ടത്തോടെ ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്. ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുമ്പ് ആര്‍.സി.ബി ലെജന്‍ഡ് ക്രിസ് ഗെയ്‌ലിനൊപ്പം പങ്കിട്ട നേട്ടമാണ് ഏഴാം സെഞ്ച്വറിക്ക് പിന്നാലെ വിരാട് തന്റെ പേരില്‍ മാത്രമായി കുറിച്ചത്.

 

 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷമാണ് വിരാട് കോഹ്‌ലി ഗെയ്‌ലിനൊപ്പം സൂപ്പര്‍ നേട്ടത്തില്‍ പങ്കാളിയായത്. ആറ് സെഞ്ച്വറിയായിരുന്നു ഇരുവര്‍ക്കുമുണ്ടായിരുന്നത്.

എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി ഗെയ്‌ലിനൊപ്പമുള്ള ജോയിന്റ് റെക്കോഡ് തന്റെ പേരിലാക്കാനും വിരാടിന് സാധിച്ചു.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

വിരാട് കോഹ്ലി – 7

ക്രിസ് ഗെയ്ല്‍ – 6

ജോസ് ബട്‌ലര്‍ – 5

കെ.എല്‍ രാഹുല്‍ – 4

ഡേവിഡ് വാര്‍ണര്‍ – 4

ഷെയ്ന്‍ വാട്‌സണ്‍ – 4

എ.ബി ഡി വില്ലിയേഴ്‌സ് – 3

സഞ്ജു സാംസണ്‍ – 3

ഐ.പി.എല്ലിലെ ഏറ്റവും മികച്ച റെക്കോഡുകളിലൊന്ന് വിരാട് കോഹ്‌ലി കഴിഞ്ഞ മത്സരത്തില്‍ നിന്നും സ്വന്തമാക്കിയപ്പോള്‍ മറ്റൊരു നാണംകെട്ട റെക്കോഡും ആര്‍.സി.ബിയെ തേടിയെത്തിയിരുന്നു.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാക്കിയാണ് ദിനേഷ് കാര്‍ത്തിക് തലകുനിച്ചുനിന്നത്.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്കൊപ്പം 16 ഡക്കുമായി നാണക്കേടിന്റെ റെക്കോഡ് പങ്കിട്ട കാര്‍ത്തിക് ടൈറ്റന്‍സിനെതിരെ പൂജ്യത്തിന് പുറത്തായതോടെ ഈ മോശം റെക്കോഡ് തന്റെ പേരിലേക്ക് മാത്രമായി മാറ്റുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു കാര്‍ത്തിക്കിന്റെ മടക്കം. യഷ് ദയാലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് ക്യാച്ച് നല്‍കി ഗോള്‍ഡന്‍ ഡക്കായാണ് കാര്‍ത്തിക് മടങ്ങിയത്.

 

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍

ദിനേഷ് കാര്‍ത്തിക് – 17

രോഹിത് ശര്‍മ – 16

സുനില്‍ നരെയ്ന്‍ – 15

മന്‍ദീപ് സിങ് – 14

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 14

മനീഷ് പാണ്ഡേ – 14

അംബാട്ടി റായിഡു – 14

 

Content highlight: Dinesh Karthik has become the player with most number of duck in IPL