ഇന്ത്യയുടെ ഓള്‍ ടൈം ഇലവനില്‍ എം.എസ്. ധോണിയെ ഉള്‍പ്പെടുത്താതില്‍ ക്ഷമാപണവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്. അത് തന്റെ ഭാഗത്ത് നിന്നും വന്ന വലിയൊരു മണ്ടത്തരമാണെന്നും ഒരു വിക്കറ്റ് കീപ്പര്‍ ആയിരുന്നിട്ടുകൂടി ഇക്കാര്യം താന്‍ എങ്ങനെ മറന്നുവെന്നും ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
ക്രിക്ബസ്സില്‍ നടന്ന ടോക് ഷോയിലാണ് ദിനേഷ് കാര്‍ത്തിക് തനിക്ക് പറ്റിയ തെറ്റിനെ കുറിച്ച് സംസാരിച്ചത്.
‘ഞാന്‍ വലിയൊരു തെറ്റ് ചെയ്തു. ആ എപ്പിസോഡ് പുറത്തുവന്നപ്പോള്‍ മാത്രമാണ് ഞാന്‍ ഇക്കാര്യം മനസിലാക്കിയത്. ആ ടീം തെരഞ്ഞെടുത്തപ്പോള്‍ പല കാര്യങ്ങളും നടന്നു, ഞാന്‍ ടീമില്‍ വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്താന്‍ മറന്നുപോയി.
സത്യസന്ധമായി പറയട്ടെ രാഹുല്‍ ദ്രാവിഡിനെ ഒരു വിക്കറ്റ് കീപ്പറായല്ല ഞാന്‍ ടീമിന്റെ ഭാഗമാക്കിയത്. ഒരു വിക്കറ്റ് കീപ്പറായിരുന്നിട്ടുകൂടിയും ടീമില്‍ ഒരു വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്താന്‍ ഞാന്‍ മറന്നു എന്ന കാര്യം നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? അതൊരു വലിയ മണ്ടത്തരം തന്നെയായിരുന്നു,’ കാര്‍ത്തിക് പറഞ്ഞു.
ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ ഓള്‍ ടൈം ഇലവന്‍ തെരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചാല്‍ താന്‍ ഉറപ്പായും ധോണിയുടെ പേര് ഉള്‍പ്പെടുത്തുമെന്നും ഇന്ത്യന്‍ ഇലവന് വേണ്ടി മാത്രമല്ല, ഏതൊരു ഇലവന്‍ തെരഞ്ഞെടുക്കുമ്പോഴും മുന്‍ ഇന്ത്യന്‍ നായകന്‍ ഉറപ്പായും ടീമിന്റെ ഭാഗമാകുമെന്നും ദിനേഷ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
‘എന്നെ സംബന്ധിച്ച്, ഒരു കാര്യം വ്യക്തമാക്കട്ടെ, തല ധോണി ഏത് ഫോര്‍മാറ്റിലാണെങ്കിലും ടീമിന്റെ ഭാഗമാകും, ഇന്ത്യന്‍ ടീമിന് വേണ്ടി മാത്രമല്ല. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് അദ്ദേഹമെന്നാണ് എനിക്ക് തോന്നുന്നത്.
ഞാന്‍ വീണ്ടും നേരത്തെയെന്നോണം ടീം തെരഞ്ഞെടുക്കുകയാണെങ്കില്‍ ഏഴാം നമ്പറില്‍ ധോണി ഇറങ്ങും. ഞാന്‍ ഇങ്ങനെയായിരിക്കും ചെയ്യുക. ധോണി തന്നെയായിരിക്കും ടീമിന്റെ ക്യാപ്റ്റനും,’ ഡി.കെ. കൂട്ടിച്ചേര്‍ത്തു.
ധോണി ടീമിന്റെ ഭാഗമാകാത്തതിനെ ആരാധകര്‍ നേരത്തെ തന്നെ വിമര്‍ശിച്ചിരുന്നു. വിക്കറ്റ് കീപ്പറുടെ അഭാവവും ആരാധകര്‍ ചൂണ്ടിക്കാട്ടി. നേരത്തെ തെരഞ്ഞെടുത്ത ടീം പ്രകാരം രാഹുല്‍ ദ്രാവിഡായിരുന്നു വിക്കറ്റ് കീപ്പര്‍.