'കഥ കേള്‍ക്കാന്‍ ഒന്നുരണ്ട് പാനലുകളുണ്ട്, അവരെ ആദ്യം എക്‌സൈറ്റ് ചെയ്യിക്കണം'; ഭാവന സ്റ്റുഡിയോസ് സിനിമ തെരഞ്ഞെടുക്കുന്നതിങ്ങനെ
Film News
'കഥ കേള്‍ക്കാന്‍ ഒന്നുരണ്ട് പാനലുകളുണ്ട്, അവരെ ആദ്യം എക്‌സൈറ്റ് ചെയ്യിക്കണം'; ഭാവന സ്റ്റുഡിയോസ് സിനിമ തെരഞ്ഞെടുക്കുന്നതിങ്ങനെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th June 2023, 9:42 am

മലയാള സിനിമയില്‍ ഇന്ന് മുന്‍നിരയിലുള്ള പ്രൊഡക്ഷന്‍ ഹൗസാണ് ഭാവന സ്റ്റുഡിയോസ്. ജോജി മുതലിങ്ങോട്ട് മിനിമം ഗ്യാരണ്ടിയുള്ള ചിത്രങ്ങളാണ് ഭാവന സ്റ്റുഡിയോസ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഒരു ചിത്രം നിര്‍മിക്കാനായി ഭാവന സ്റ്റുഡിയോസില്‍ നിലവില്‍ കടന്നുപോകുന്ന പ്രോസസുകളെ പറ്റി പറയുകയാണ് ദിലീഷ് പോത്തന്‍.

കൂടുതലായും സ്‌ക്രിപ്റ്റുകളാണ് കേള്‍ക്കാറുള്ളതെന്നും അതിന് ശേഷം പതുക്കെയാണ് സംവിധായകനെ തീരുമാനിക്കുന്നതെന്നും ദിലീഷ് പറഞ്ഞു. കഥ കേള്‍ക്കാന്‍ ഒന്നുരണ്ട് പാനലുകളുണ്ടെന്നും അവരെ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥകളാണ് അന്തിമ ഘട്ടത്തില്‍ താനും ശ്യാം പുഷ്‌കരനും കേള്‍ക്കാറുള്ളതെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പറഞ്ഞു.

‘ഓരോ സിനിമയും തെരഞ്ഞെടുക്കാന്‍ ഭാവന സ്റ്റുഡിയോസിന് സിസ്റ്റമാറ്റിക്കായ സംവിധാനമുണ്ട്. ഓഫീസില്‍ വന്ന് പല ആളുകളും കഥ പറയാറുണ്ട്. കൂടുതലും സ്‌ക്രിപ്റ്റുകളാണ് കേള്‍ക്കാറുള്ളത്. സംവിധായകനെ പതുക്കെയാണ് ചൂസ് ചെയ്യുക. അങ്ങനെയൊരു സിസ്റ്റത്തിലാണ് നിലവില്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്.

കഥ കേള്‍ക്കാന്‍ അവിടെ ഒരു സംവിധാനമുണ്ട്. അതിനായി ഒന്നുരണ്ട് പാനലുകള്‍ തയാറാക്കിയിട്ടുണ്ട്. ആ പാനലുകളില്‍ നിന്നും അപ്രൂവായ സിനിമകളാണ് എടുക്കാറുള്ളത്. ഞാനോ ശ്യാമോ അല്ല ആദ്യഘട്ടത്തില്‍ കഥ കേള്‍ക്കാറുള്ളത്. ഈ പറഞ്ഞ പാനലില്‍ ഇരിക്കുന്നവരെ എക്‌സൈറ്റ് ചെയ്യുന്ന കഥകളാണ് അന്തിമ ഘട്ടത്തിലേക്ക് എത്താറുള്ളത്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

ഒ. ബേബിയാണ് ഒടുവില്‍ ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്ത് വന്ന ചിത്രം. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീഷ് പോത്തനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രഘുനാഥ് പാലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Content Highlight: Dileesh Pothan talks about the processes of Bhavana Studios to selecta film