Entertainment
എന്നെ സംബന്ധിച്ച് ആ ഫഹദ് ഫാസിൽ ചിത്രം ഒരു മാജിക്കാണ്: ദിലീഷ് പോത്തൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 20, 04:01 am
Thursday, 20th February 2025, 9:31 am

തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അപർണ ബാലമുരളി, അനുശ്രീ, ലിജോമോൾ ജോസ് എന്നിവരാണ് നായികമാരായി എത്തിയത്.

ദേശീയ പുരസ്‌കാരങ്ങൾ അടക്കമുള്ള നിരവധി അംഗീകാരങ്ങൾ മഹേഷിന്റെ പ്രതികാരത്തെ തേടിയെത്തിയിരുന്നു. രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയും മികച്ച അഭിപ്രായം നേടിയിരുന്നു.

മഹേഷിന്റെ പ്രതികാരത്തേക്കാൾ കളക്ഷൻ കിട്ടിയ സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്നും എന്നാൽ തന്നെ സംബന്ധിച്ച് മഹേഷിന്റെ പ്രതികാരം ഒരു മാജിക്കാണെന്നും ദിലീഷ് പോത്തൻ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ സുരാജിന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ഫഹദ് ആയിരുന്നുവെന്നും ഫഹദിന്റെ റോൾ സൗബിൻ ഷാഹിറിനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെന്നും ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു.

‘മഹേഷിന്റെ പ്രതികാരത്തേക്കാളും തിയേറ്ററിൽ കളക്റ്റ് ചെയ്തത് തൊണ്ടിമുതലാണ്. കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിഞ്ഞതുകൊണ്ടു കൂടിയാവാം അത്. ദൃക്‌സാക്ഷി നല്ല സിനിമയായിരിക്കാം. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം മഹേഷ് ഒരു മാജിക്കായിരുന്നു. എൻ്റെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കിയ സിനിമയാണ്.

ശരിക്കും പുറത്തിറങ്ങിയതിനെക്കാൾ കമേഴ്‌സ്യലായ ഒരു സിനിമയാവേണ്ടതായിരുന്നു മഹേഷിന്റെ പ്രതികാരം. ചെയ്‌തുവന്നപ്പോൾ അത് കുറേക്കൂടി റിയലായ ജീവിതമുള്ള സിനിമയായി മാറിയതാണ്.

ആദ്യത്തെ തിരക്കഥയിലുണ്ടായിരുന്ന കുറെ കോമഡിയും ഡ്രാമയും എല്ലാം ഒഴിവാക്കിയാണ് ആ സിനിമ ചെയ്ത‌ത്. അല്ലെങ്കിൽ കുറേക്കൂടി കാല്പ‌നികം എന്ന് വിളിക്കാവുന്ന ഒരു സിനിമയാവുമായിരുന്നു അത്. ഏതായാലും മഹേഷ് തന്ന വിജയമാണ് തൊണ്ടിമുതൽപോലെ ഒരു സിനിമ ചെയ്യാൻ ധൈര്യം തന്നത്.

സത്യത്തിൽ സുരാജ് ചെയ്‌ത കഥാപാത്രമായിരുന്നു ഫഹദ് ചെയ്യേണ്ടിയിരുന്നത്. കള്ളൻ്റെ റോളിലേക്ക് ആദ്യം സൗബിനെയായിരുന്നു പരിഗണിച്ചത്. പിന്നീടത് മാറുകയായിരുന്നു. സുരാജിന്റെ മികവിനെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ആക്ഷൻ ഹീറോ ബിജുവിലെ പ്രകടനമൊക്കെ സുരാജിനെ കാസ്റ്റ് ചെയ്യുമ്പോൾ മനസിലുണ്ടായിരുന്നു,’ദിലീഷ് പോത്തൻ പറയുന്നു.

Content Highlight: Dileesh Pothan About Maheshinte Prathikaram Movie And Fahad