ദിലീപേട്ടാ, ബോഡിഷെയ്മിങ് പാടില്ലെന്ന് ഇപ്പോള്‍ നിയമമുണ്ട്: സുപ്രീം കോടതി വിധിക്ക് പിന്നാലെ പഴയ വീഡിയോ കുത്തിപ്പൊക്കി ട്രോളന്മാര്‍
Film News
ദിലീപേട്ടാ, ബോഡിഷെയ്മിങ് പാടില്ലെന്ന് ഇപ്പോള്‍ നിയമമുണ്ട്: സുപ്രീം കോടതി വിധിക്ക് പിന്നാലെ പഴയ വീഡിയോ കുത്തിപ്പൊക്കി ട്രോളന്മാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th July 2024, 4:26 pm

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഏറ്റവുമധികം ഹിറ്റുകളുള്ള നടനായിരുന്നു ദിലീപ്. ഒരുകാലത്ത് കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും ആദ്യ ചോയിസ് ദിലീപ് ചിത്രങ്ങളായിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിന് ശേഷം കുടുംബപ്രേക്ഷകര്‍ ദിലീപ് സിനിമകളെ കൈയൊഴിയുന്ന അവസ്ഥയാണ് കാണുന്നത്.

മാറുന്ന മലയാളസിനിമയോടൊപ്പം അപ്‌ഡേറ്റാകാതെ പഴയ ടൈപ്പ് കോമഡികളും ബോഡിഷെയ്മിങ്ങുകളുമാണ് ഇപ്പോഴും ദിലീപ് പിന്തുടരുന്നത്. സിനിമകളിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് ഇഴകീറി പരിശോധിക്കപ്പെടുന്ന ഇന്നത്തെ കാലത്തും ഇത്തരം തമാശകള്‍ പ്രേക്ഷകരെ ചിരിപ്പിക്കും എന്ന ചിന്തയാണ് മിക്ക ദിലീപ് സിനിമകളിലും നിറഞ്ഞ് നില്‍ക്കുന്നത്. ഇതേ കാഴ്ചപ്പാടാണ് ദിലീപിനും. പച്ചക്കുതിര, കുഞ്ഞിക്കൂനന്‍, സൗണ്ട് തോമ എന്നീ സിനിമകള്‍ ഭിന്നശേഷിക്കാരെ അങ്ങേയറ്റം പരിഹസിക്കുന്ന സിനിമകളാണ്.

എന്നാല്‍ ഭിന്നശേഷിക്കാരെ കളിയാക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ഇനിമുതല്‍ സിനിമയില്‍ പാടില്ല എന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. ആഖ് മിച്ചേലി എന്ന സിനിമയില്‍ ഭിന്നശേഷിക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞ് നിപുണ്‍ മല്‍ഹോത്ര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. പഴഞ്ചന്‍ രീതികള്‍ വെച്ചുള്ള പ്രയോഗങ്ങള്‍ ഭിന്നശേഷിക്കാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതിന് പിന്നാലെ ദിലീപിന്റെ പഴയ ഇന്റര്‍വ്യൂ ട്രോളന്മാര്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്. നാല് മാസം മുമ്പ് റിലീസ് ചെയ്ത ദിലീപ് ചിത്രം തങ്കമണിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ബോഡിഷെയ്മിങ്ങിനെപ്പറ്റി പരാമര്‍ശിച്ചത്.

‘നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. ബോഡി ഷെയ്മിങ്ങിന്റെ കാര്യം പറഞ്ഞിട്ട് നമ്മളെ തടയും. അത് പറയണ്ട, അത് ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞാണ് ഇവര്‍ തടയുക. അപ്പോള്‍ ഞാന്‍ അവരോട് ചോദിക്കും, ഇതൊരു നിയമമാണോ? നിയമമുണ്ടെങ്കില്‍ നമ്മളത് പാലിക്കണം. ഇതിപ്പോള്‍ കുറച്ച് ആള്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന വിഷയമല്ലേ’ ദിലീപ് പറഞ്ഞു.

അഭിമുഖത്തിലെ ഈ ഭാഗത്തോടൊപ്പം സുപ്രീം കോടതി വിധിയുടെ ഫോട്ടോയും വെച്ചാണ് പലരും ട്രോള്‍ വീഡിയോ നിര്‍മിച്ചിരിക്കുന്നത്. കാലം മാറിയതറിയാതെ ഇപ്പോഴും ബോഡിഷെയ്മിങ്ങിനെ ന്യായീകരിക്കുന്ന ദിലീപ് തന്റെ അടുത്ത സിനിമകളില്‍ എന്ത് ചെയ്യുമെന്ന് അറിയാനാണ് ട്രോളന്മാര്‍ കാത്തിരിക്കുന്നത്.

Content Highlight: Dileep’s old interview about  justifying Bodyshaming became viral after Supreme Court verdict