ഹിന്ദുക്കളെ അപേക്ഷിച്ച് മുസ്‌ലിം ജനസംഖ്യ കുറഞ്ഞുവരുന്നു; സെന്‍സസ് നടത്തണം; ആര്‍.എസ്.എസിന്റെ ആരോപണം തള്ളി ദിഗ് വിജയ് സിങ്
national news
ഹിന്ദുക്കളെ അപേക്ഷിച്ച് മുസ്‌ലിം ജനസംഖ്യ കുറഞ്ഞുവരുന്നു; സെന്‍സസ് നടത്തണം; ആര്‍.എസ്.എസിന്റെ ആരോപണം തള്ളി ദിഗ് വിജയ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th April 2023, 9:37 am

ന്യൂദല്‍ഹി: രാജ്യത്തെ മുസ്‌ലിം ജനസംഖ്യ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുറയുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. മുസ്‌ലിം ജനസംഖ്യയില്‍ തെറ്റായ കണക്കുകള്‍ നിരത്തി ആര്‍.എസ്.എസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളേക്കാള്‍ മുസ്‌ലിങ്ങള്‍ എണ്ണത്തില്‍ കുറയുകയാണെന്നും രാജ്യത്ത് എത്രയും വേഗം സെന്‍സസ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കാനായി ബി.ജെ.പി ചെറുകിട പാര്‍ട്ടികളെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘രാജ്യത്തെ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്ന ബി.ജെ.പി, ആര്‍.എസ്.എസിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. അത് അംഗീകരിക്കാന്‍ കഴിയാത്തതും തെളിവില്ലാത്തതുമാണ്.

യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളെ അപേക്ഷിച്ച് മുസ്‌ലിം ജനസംഖ്യ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നല്ല രീതിയില്‍ കുറയുകയാണുണ്ടായത്. അതെനിക്ക് തെളിയിക്കാന്‍ പറ്റും. 2011ലാണ് ഇതിന് മുമ്പ് സെന്‍സസ് നടന്നിട്ടുള്ളത്. അതിന് ശേഷമുള്ള കണക്കുകള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എത്രയും പെട്ടെന്ന് സെന്‍സസ് നടത്തി യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വിടണം.

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരം. പക്ഷെ ബി.എസ്.പിയും ഉവൈസിയുടെ പാര്‍ട്ടിയും ജി.ജി.പിയും ആം ആദ്മിയും ബി.ജെ.പിയെ സഹായിക്കാനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അവര്‍ കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ വിള്ളല്‍ വരുത്തി ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്,’ ദിഗ് വിജയ് സിങ് പറഞ്ഞു.

എന്നാല്‍ ബീഹാറിലടക്കം നടക്കുന്ന ജാതി സെന്‍സസിനോട് തനിക്ക് അനുകൂല സമീപനമല്ല ഉള്ളതെന്നും സെന്‍സസ് നടപടികള്‍ നിയമാനുസൃതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ഉന്നമനത്തിനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ബീഹാറില്‍ നടത്തുന്ന ജാതി സെന്‍സസിനെ ഞാന്‍ അംഗീകരിക്കുന്നില്ല. സെന്‍സസ് ദേശീയ അടിസ്ഥാനത്തില്‍ നിയമാനുസൃതമായി നടത്തേണ്ടതാണ്. 1952മുതല്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെയും സമൂഹത്തില്‍ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിട്ടുള്ളത്,’ ദിഗ് വിജയ് സിങ് പറഞ്ഞു.

അതേസമയം മുസ്‌ലിം ജനസംഖ്യയുമായി ബന്ധപ്പെട്ട ദിഗ് വിജയ് സിങ്ങിന്റെ പരാമര്‍ശം മധ്യപ്രദേശിലെ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി വിശേഷിപ്പിച്ചു. സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

Content Highlight: dig vijay sing Muslim population decrease in india