കേരള ജെ.ഡി.എസ്; പുതിയ പാർട്ടി രൂപീകരിക്കണമെന്ന് ആവശ്യം; നിർദേശത്തെ എതിർത്ത് മാത്യു ടി. തോമസും കൃഷ്ണൻകുട്ടിയും
Kerala News
കേരള ജെ.ഡി.എസ്; പുതിയ പാർട്ടി രൂപീകരിക്കണമെന്ന് ആവശ്യം; നിർദേശത്തെ എതിർത്ത് മാത്യു ടി. തോമസും കൃഷ്ണൻകുട്ടിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th October 2023, 7:41 pm

തിരുവനന്തപുരം: കർണാടക ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യം രൂപപ്പെട്ടതിന് പിന്നാലെ പ്രതിസന്ധിയിലായ കേരള ജെ.ഡി.എസിൽ ഭിന്നത.

ദേശീയ തലത്തിൽ പുതിയ പാർട്ടി രൂപീകരിക്കണമെന്ന് മുതിർന്ന നേതാക്കളായ സി.കെ. നാണുവും നീലലോഹിതദാസും സംസ്ഥാന ഭാരവാഹി യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും നിർദേശത്തെ എതിർത്തു.

അതേസമയം പുതിയ പാർട്ടി രൂപീകരിക്കുന്നതിന് നിയമപരമായ സാധുതകൾ അറിയാനും തീരുമാനമെടുക്കാനും നാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

സി.കെ. നാണു, നീലലോഹിതദാസ്, ജോസ് തെറ്റയിൽ, സഫറുള്ള എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ജെ.ഡി.എസിന്റെ ദേശീയ ഭാരവാഹികൾ കൂടിയാണ് ഇവർ.

വിഷയങ്ങൾ പരിശോധിച്ച ശേഷം ഈ മാസം തന്നെ കമ്മിറ്റി റിപ്പോർട്ട് നൽകണമെന്നും ഭാരവാഹി യോഗത്തിൽ തീരുമാനമായി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നവംബറിൽ തന്നെ മറ്റൊരു ഭാരവാഹി യോഗം ചേരുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിലെ പ്രശ്നങ്ങൾ സി.പി.ഐ.എമ്മിനെ ബോധ്യപ്പെടുത്തുവാൻ മാത്യു ടി. തോമസിനെയും കെ. കൃഷ്ണൻകുട്ടിയെയും ഭാരവാഹി യോഗം ചുമതലപ്പെടുത്തി.

അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തോട് സി.പി.ഐ.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി സഖ്യമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാൻ സാധിക്കില്ലെന്നും സി.പി.ഐ.എം മുന്നറിയിപ്പ് നൽകിയിരുന്നു.

CONTENT HIGHLIGHT: Differences in Kerala JDS; Demand to form new party