Entertainment
തിയേറ്ററില്‍ മനോഹരമായി തോന്നിയ ആ പൃഥ്വി ചിത്രം എത്ര തവണ ടി.വിയില്‍ കാണും? ചിലത് റിപ്പീറ്റ് കാണില്ല: ധ്യാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 18, 03:52 pm
Tuesday, 18th June 2024, 9:22 pm

പൃഥ്വിരാജ് നായകനായ ‘എന്ന് നിന്റെ മൊയ്തീന്‍’ തിയേറ്ററില്‍ നമുക്ക് വളരെ മനോഹരമായി തോന്നിയ സിനിമയാണെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. എന്നാല്‍ ടി.വിയില്‍ തുടര്‍ച്ചയായി ടെലികാസ്റ്റ് ചെയ്യുന്ന ആ സിനിമ എത്ര തവണ നമ്മള്‍ കാണുന്നുണ്ടെന്നും താരം ചോദിച്ചു.

തന്റെ വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന സിനിമയുടെ ഴോണര്‍ ഇമോഷണല്‍ ഡ്രാമയാണെന്നും ഡ്രാമ ടി.വിയില്‍ എങ്ങനെ കണ്ടാലും നമുക്ക് ബോറടിക്കുമെന്നും ധ്യാന്‍ പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയില്‍ വന്നപ്പോള്‍ നേരിടുന്ന ട്രോളുകളെയും വിമര്‍ശനങ്ങളെയും കുറിച്ച് പറയുകയായിരുന്നു താരം.

‘ഈ സിനിമയുടെ ഴോണര്‍ ഇമോഷണല്‍ ഡ്രാമയാണ്. വര്‍ഷങ്ങള്‍ ശേഷമെന്ന സിനിമ സത്യത്തില്‍ ഡ്രാമയാണ്. ഡ്രാമ ടി.വിയില്‍ എങ്ങനെ കണ്ടാലും നമുക്ക് ബോറടിക്കും. ഇപ്പോള്‍ ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയുടെ കാര്യം നോക്കുകയാണെങ്കില്‍, തിയേറ്ററില്‍ നമുക്ക് വളരെ മനോഹരമായി തോന്നിയ സിനിമയാണ്.

അത് ടി.വിയില്‍ എത്ര തവണ റിപ്പീറ്റ് വരുന്നുണ്ട്. എന്നാല്‍ എത്ര തവണ നമ്മള്‍ ആ സിനിമ കാണുന്നുണ്ട്? നമ്മള്‍ എപ്പോഴും റിപ്പീറ്റ് കാണുന്നത് കൊമേഷ്യല്‍ സിനിമകളും കോമഡിയുമൊക്കെയാണ്. തിയേറ്ററില്‍ മികച്ച എക്‌സ്പീരിയന്‍സ് നല്‍കുന്ന ഡ്രാമയൊന്നും നമുക്ക് ഒരിക്കലും വീട്ടില്‍ ടി.വിയില്‍ കണ്ടിരിക്കാന്‍ പറ്റില്ല. അതാണ് സത്യാവസ്ഥ. നല്ല ലാഗുണ്ടാകും ബോറടിക്കും. എന്താണ് സിനിമ മുന്നോട്ട് നീങ്ങാത്തതെന്ന് തോന്നും.

എന്നാല്‍ ആവേശവും റ്റൂ കണ്‍ഡ്രീസും അടി കപ്യാരെ കൂട്ടമണിയുമൊക്കെ നമുക്ക് എത്ര തവണ വേണമെങ്കിലും റിപ്പീറ്റ് കാണാന്‍ കഴിയും. പക്ഷെ ഒരു ഡ്രാമ പടം വീണ്ടും റിപ്പീറ്റ് കാണുന്നുണ്ടെങ്കില്‍ അത് ആകാശദൂത് പോലെയൊക്കെയുള്ള സിനിമകള്‍ മാത്രമാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Dhyan Sreenivasan Talks About Ennu Ninte Moideen